ഒൻപത് ദിവസമായി തൃത്താലയുടെ മണ്ണിൽ ഗ്രാമീണ കലകളുടെയും ഉൽപ്പന്നങ്ങളുടെയും വസന്തമൊരുക്കിയ ദേശീയ സരസ് മേള ഇന്ന് (11/1/26) സമാപിക്കും.
'പെൺപെരുമ' കലാമേളയുടെ ഒമ്പതാം ദിനത്തിൽ വേദി 2-ലെ അമ്മു സ്വാമിനാഥൻ നഗറിൽ കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിച്ച 'പെൺപെരുമ' കലാപരിപാടികൾ കാണികൾക്ക് നവ്യാനുഭവമായി. നാഗലശ്ശേരി, ചാലിശ്ശേരി, പട്ടിത്തറ, കപ്പൂർ സി.ഡി.എസുകളിൽ നിന്നുള്ള നൂറോളം കുടുംബശ്രീ കലാകാരികളാണ് വീരനാട്യം, തിരുവാതിരക്കളി, ഭരതനാട്യം, നാടൻപാട്ട്, ഫ്യൂഷൻ ഡാൻസ് എന്നിവ അവതരിപ്പിച്ചത്. ഫ്ലവേഴ്സ് ടോപ് സിംഗർ താരം ഗൗതമി പ്രശാന്ത്, കൊച്ചു കലാകാരി ആത്മിക എന്നിവർ സദസ്സിന്റെ മനസ്സ് കീഴടക്കി. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡോ. നിഷ ഉൾപ്പെടെയുള്ളവർ കലാകാരികളെ ആദരിക്കുകയും സ്നേഹോപഹാരം നൽകുകയും ചെയ്തു.
മണ്ണും മനസ്സും തൊട്ടറിയുന്ന നാടൻ പാട്ടുകളുടെ താളത്തിൽ ചാലിശ്ശേരി സരസ് മേള അലിഞ്ഞുചേർന്നു. സുബ്രഹ്മണ്യൻ കക്കാട്ടിരിയും സംഘവും അവതരിപ്പിച്ച 'ഫോക് വോയിസ്' നാടൻപാട്ട് മേളയിലെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള പരിപാടികളിലൊന്നായി മാറി. തോറ്റം പാട്ടിനൊപ്പം തെയ്യക്കോലം വേദിയിൽ പ്രത്യക്ഷപ്പെട്ടത് കാണികളിൽ വിസ്മയമുണർത്തി. "പൊലിക പൊലിക", "പൂങ്കുയിലേ", "മിന്നാമിനുങ്ങേ" തുടങ്ങിയ പ്രിയപ്പെട്ട പാട്ടുകൾക്കൊണ്ട് സദസ്സ് ആവേശത്തിൽ ആറാടി.
കെ.ഡി. പ്രസേനൻ എം.എൽ.എ. ദേശീയ സരസ് മേള ഗ്രാമീണ സ്ത്രീകളുടെ ഭാവോത്സവമായി മാറിയിരിക്കുകയാണെന്നും തൃത്താലയിൽ നടക്കുന്ന ഈ മേള എക്കാലത്തും ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും ആലത്തൂർ എം.എൽ.എ കെ.ഡി. പ്രസേനൻ പറഞ്ഞു. വേദി 1- ക്യാപ്റ്റൻ ലക്ഷ്മി നഗറിൽ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനവും 'ആദരസന്ധ്യ'യും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ എന്നിവർ സന്നിഹിതരായ ചടങ്ങിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. കല, സാഹിത്യം, കാർഷികം തുടങ്ങി വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അമ്പതിലധികം പേരെ ചടങ്ങിൽ ആദരിച്ചു.
ഇന്നലെ രാത്രി സ്റ്റീഫൻ ദേവസ്സിയും സോളിഡ് ബാൻഡും നയിച്ച സംഗീത വിരുന്ന് പ്രധാന വേദിയായ ക്യാപ്റ്റൻ ലക്ഷ്മിയിൽ അരങ്ങേറി. ഒൻപത് ദിവസങ്ങളോളം സംഘടിപ്പിച്ച മേളയിൽ, ചാലിശ്ശേരി കണ്ട ഏറ്റവും വലിയ ജനക്കൂട്ടത്തെയാണ് സംഘാടകർ ഇന്നലെ കണ്ടത്.
ഇന്ന് 4.00 സമാദരം, 5.30 സമാപന സമ്മേളനം ധന കാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കെ രാധാകൃഷ്ണൻ എം.പി, ചലച്ചിത്ര താരം മഞ്ജു വാര്യർ എന്നിവർ മുഖ്യാതിഥികളാകും.
7.00 ന് സിതാര കൃഷ്ണകുമാർ അവതരിപ്പിക്കുന്ന പ്രോജക്ട് മലബാറിക്കസ് സംഗീത പരിപാടിയും അരങ്ങേറും.
