ഇന്ന് (ഞായറാഴ്ച) പുലർച്ചെയാണ് പാലക്കാട്ടെ ഹോട്ടലിൽ നിന്ന് രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കു ശേഷമാണ് രാഹുലിനെ മജിസ്‌ട്രേട്ട് മുൻപാകെ ഹാജരാക്കിയത്. മാവേലിക്കര സബ് ജയിലിലേക്ക് രാഹുലിനെ മാറ്റാനാണ് സാധ്യത.
പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ യുവതിയാണ് രാഹുലിനെതിരേ പരാതി നൽകിയിരുന്നത്. രാഹുലിനെതിരേ ഉയർന്ന മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിട്ടുള്ളത്. പരാതിക്കാരിയുടെ കൃത്യമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതി വീഡിയോ കോൺഫറൻസിങ് വഴി എ.ഐ.ജി ജി.പൂങ്കുഴലി മുൻപാകെയാണ് മൊഴി നൽകിയത്.
പത്തനംതിട്ടയിലെ ഒരു ഹോട്ടലിൽ 2024 ഏപ്രിൽ 24നാണ് ബലാത്സംഗം നടന്നതെന്നാണ് പറയുന്നത്. ബലാത്സംഗവും ഗർഭഛിദ്രവുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം യുവതി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
മൂന്നാമത്തെ പീഡന പരാതിയിൽ ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണുള്ളത്. ആദ്യ കൂടിക്കാഴ്‌ചയിൽ തന്നെ രാഹുൽ അതിക്രൂരമായി ബലാത്സംഗം ചെയ്‌തുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്‌തുവെന്നും അതിജീവിത മൊഴിയിൽ പറയുന്നു.
വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാൽ വിവാഹം വളരെ വേഗത്തിൽ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി പറയുന്നു.
ആദ്യ ലൈംഗിക പീഡന കേസിൽ രാഹുലിൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാം കേസിൽ വിചാരണ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
