ഇന്ത്യൻ അന്താരാഷ്ട്ര വ്യാപാര മേളയിൽ ശ്രദ്ധേയനായി ആർടിസ്റ്റ് ഉബൈദും മകൻ സനൂദും.

ഈ വർഷത്തെ ഇന്ത്യ ഇന്റർ നാഷണൽ ട്രേഡ് ഫെയർ (IITF) വൈവിധ്യങ്ങളുടെ പരിച്ഛേദമായി ന്യൂഡൽഹിയിൽ സമാപിച്ചു. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് കലാകാരന്മാരും സംരംഭകരും പങ്കെടുത്ത അന്താരാഷ്ട്ര മേള കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. ന്യൂഡൽഹിയിലെ പ്രഗതി മൈതാനിൽ ഭാരത് മണ്ഡപത്തിലാണ് രണ്ടാഴ്ച നീണ്ടുനിന്ന 44-ാമത് മേള നടന്നത്. 

'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതായിരുന്നു മേളയുടെ പ്രമേയം. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പ്രദർശനങ്ങളിൽ ഒന്നാണിത്. ഇന്ത്യയുടെ വൈവിധ്യം, സാങ്കേതിക മുന്നേറ്റങ്ങൾ, പരമ്പരാഗത കരകൗശല വസ്തുക്കൾ, ചെറുകിട സംരംഭങ്ങൾ, ഗ്രാമീണ സംരംഭങ്ങൾ എന്നിവയാണ് മേളയിൽ പ്രദർശിപ്പിക്കപ്പെട്ടത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൂടാതെ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ചൈന, ഇറാൻ, ദക്ഷിണ കൊറിയ, ഈജിപ്ത് തുടങ്ങി പന്ത്രണ്ടോളം വിദേശ രാജ്യങ്ങളും മേളയിൽ പങ്കെടുത്തു.

കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈലുകൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി സാധനങ്ങളുടെയും സേവനങ്ങളുടെയും ഒരു വലിയ പ്രദർശന വേദിയാണ് ഒരുക്കിയത്. 3,500 ലധികം  പ്രദർശകരുടെ പങ്കാളിത്തം മേളയിലുണ്ടായിരുന്നു. ദിനേന ആയിരങ്ങളാണ് മേള സന്ദർശിച്ചത്.

ബിസിനസ്- ടു- ബിസിനസ് (B2B), ബിസിനസ്-ടു- കൺസ്യൂമർ (B2C) ബന്ധങ്ങൾ സ്ഥാപിക്കാനുള്ള ഒരു വലിയ പ്ലാറ്റ്‌ഫോം ആണിതെന്ന് മേളയിൽ പങ്കെടുത്ത് തിരിച്ചെത്തിയ ആർടിസ്റ്റ് ഉബൈദ് സാനഡു പറഞ്ഞു.  

കേരള സർക്കാർ പവലിയനിലെ സ്റ്റാളുകൾക്ക് പുറമേ മിനിസ്ട്രി ഓഫ് ടെക്സ്റ്റൈൽസിന്റെ കീഴിലുള്ള ഡെവലപ്മെന്റ് കമ്മീഷണർ ഹാൻഡി ക്രാഫ്റ്റ്സ്‌ DC(H) മുഖേന കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക കരകൗശല സ്റ്റാൾ ആയിരുന്നു ആർട്ടിസ്റ്റ് ഉബൈദിനും മകൻ സനൂദ് ഉബൈദിനുമായി  ലഭിച്ചത്.

സ്റ്റാളിൽ പ്രദർശിപ്പിക്കപ്പെട്ട ഉബൈദ് ക്രാഫ്റ്റ്സിന്റെ ഉൽപ്പന്നങ്ങളെല്ലാം വിറ്റഴിഞ്ഞതായും ഉബൈദ് പറഞ്ഞു. വിവിധ സാംസ്കാരിക പരിപാടികളും ശില്പശാലകളും മേളയ്ക്ക് കൊഴുപ്പേകി.




1 അഭിപ്രായങ്ങള്‍

  1. വളരെ സന്തോഷം. ഇനിയും പുതിയ പുതിയ ആശയങ്ങൾ ഉണ്ടാവണം. ഉണ്ടാവട്ടെ... സർവ്വ ശക്തൻ എന്ന് അനുഗ്രഹിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം