പാളം മുറിച്ചു കടക്കുന്നതിനിടയിൽ തീവണ്ടി പാഞ്ഞുകയറി ആറ് സ്ത്രീകൾ മരിച്ചു.

ഉത്തർ പ്രദേശിലെ മിർസാപൂർ ചുനാർ റെയിൽവേ സ്റ്റേഷനിൽ കൽക്ക മെയിൽ എക്‌സ്പ്രസ് ഇടിച്ചു കയറിയാണ് തീർത്ഥാടകരായ ആറ് സ്ത്രീകൾ മരിച്ചത്.

ഇന്ന് രാവിലെ 9:30 ഓടെ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് അപകടം. അതിവേഗതയിൽ വന്ന ട്രെയിൻ കൂട്ടത്തോടെ പാളം മുറിച്ചു കടക്കുകയായിരുന്ന തീർത്ഥാടകരെ ഇടിച്ചു. 6 പേർ തൽക്ഷണം മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 

സവിത (28), കലാവതി (50), സുശീലാദേവി (60), സാധന (16), അഞ്ജുദേവി (20), ശിവകുമാരി (12) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണസംഖ്യ ഇതുവരെ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.

ചോപാനിൽ നിന്നുള്ള ഒരു പാസഞ്ചർ ട്രെയിനിലാണ് തീർത്ഥാടകരായ സ്ത്രീകൾ എത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ട്രെയിൻ നാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിർത്തി. അതിൽ നിന്നിറങ്ങിയ യാത്രക്കാർ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്താൻ ട്രാക്ക് മുറിച്ചുകടക്കുമ്പോഴാണ്,  സ്റ്റോപ്പ് ഇല്ലാതെ പൂർണ്ണ വേഗതയിൽ പാഞ്ഞു വന്ന കൽക്ക എക്‌സ്പ്രസ് കടന്നുപോയത്. തീർത്ഥാടകർക്ക് നീങ്ങാൻ കഴിയുന്നതിന് മുമ്പ്, ട്രെയിൻ അവരെ ഇടിച്ചു വീഴ്ത്തി. പാളം മുഴുവൻ ചോരപ്പുഴയായി.  ഭയാനകമായ കാഴ്ചയാണ് അവിടെ കണ്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിരവധി മൃതദേഹങ്ങൾ വികൃതമാക്കപ്പെട്ട നിലയിലാണ്.

കാർത്തിക് പൂർണിമ പുണ്യസ്നാനത്തിനും ചടങ്ങുകൾക്കുമായി വാരണാസിയിലേക്ക് പോകുകയായിരുന്ന ഭക്തരാണ് മരിച്ചത്. അപകടത്തെത്തുടർന്ന്, സ്റ്റേഷനിൽ ബഹളവും സംഘർഷവും പടർന്നു. 

റെയിൽവേ ഉദ്യോഗസ്ഥരും പ്രാദേശിക പോലീസും സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി. രക്ഷാപ്രവർത്തനങ്ങളും പുനരധിവാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം