സൈബർ തട്ടിപ്പിൽ ഒരാൾ കൂടി അറസ്റ്റിലായി. ഇതോടെ മേത്തല കോട്ടപ്പുറം സ്വദേശി തോമസ് ലാലന്റെ 9.90 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടു പ്രതികളും അറസ്റ്റിലായി.
തോമസ് ലാലൻ്റെ മൊബൈൽ ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത സമയം ഫോണിൽ മോട്ടോർ വാഹന വകുപ്പിന്റെ ചെലാൻ എ.പി.കെ ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും അതുവഴി ലാലന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 9.90 ലക്ഷം രൂപ ആദ്യം അറസ്റ്റിലായ ലക്ഷ്മിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്ത് തട്ടിപ്പ് നടത്തുകയുമായിരുന്നു.
ഈ കേസിൽ ഹരിയാന ഫരീദാബാദ് സ്വദേശി മനീഷ്‌കുമാറി (23) നെയാണ് കൊടുങ്ങല്ലൂർ പോലീസ് ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തത്. നവംബർ 13ന് ഹരിയാന സ്വദേശി ലക്ഷ്മിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിർമ്മാണക്കരാറുകാരനായ തോമസ് ലാലൻ എച്ച്.ഡി.എഫ്.സി ശൃംഗപുരം ബാങ്കിൽ പണം പിൻവലിക്കാൻ എത്തിയപ്പോഴാണ് കഴിഞ്ഞ സെപ്റ്റംബർ 29ന് തന്റെ അക്കൗണ്ടിൽ നിന്ന് മൂന്നു തവണയായി പണം ഓൺലൈനായി കൈമാറ്റം ചെയ്യപ്പെട്ടതായി അറിഞ്ഞത്. തുടർന്ന് നൽകിയ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം ഹരിയാണയിലെത്തി ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്.
ലക്ഷ്മിയുടെ അക്കൗണ്ടിൽ നിന്ന് ചെക്ക് മുഖേന പിൻവലിച്ച 9.90 ലക്ഷം രൂപ വാങ്ങിയത് മനീഷ്‌കുമാറാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്ത് കൊടുങ്ങല്ലൂരിലെത്തിച്ചത്.
