ബലാത്സംഗം, ഗർഭച്ഛിദ്രം തുടങ്ങിയ കേസുകളിൽ കുടുങ്ങി ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്റ്റ് തത്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഡിസംബര്‍ 15ന് വീണ്ടും പരിഗണിക്കും.
കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യമാണ് അറസ്റ്റ് താൽക്കാലികമായി തടയാൻ കാരണം. പോലീസ് അറസ്റ്റിനായി ശ്രമിക്കുന്നതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നാണ് രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഹര്‍ജി കോടതിയുടെ പരിഗണനയിലുള്ളപ്പോള്‍ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
കോടതി ആരംഭിച്ചപ്പോള്‍ രാഹുലിന്റെ അഭിഭാഷകന്‍ സബ്മിഷന്‍ അവതരിപ്പിക്കുകയായിരുന്നു. കേസില്‍ ഇന്നുതന്നെ വാദത്തിന് തയ്യാറാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. പ്രോസിക്യൂഷന് കൂടുതല്‍ സമയം ആവശ്യമെങ്കില്‍ എതിര്‍പ്പില്ലെന്നും അതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നല്‍കണമെന്നുമായിരുന്നു ആവശ്യം. ഇക്കാര്യം പരിഗണിച്ചാണ് ഹൈക്കോടതി അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞത്.
കേസിന്റെ വിശദാംശങ്ങള്‍ പരിഗണിച്ചുള്ള വാദം ഇനി ഹര്‍ജി പരിഗണിക്കുമ്പോഴാകും ഉണ്ടാവുക. 15-ാം തീയതി, കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസ് ഡയറിയും പോലീസ് റിപ്പോര്‍ട്ടും പരിഗണിച്ച ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി പുറപ്പെടുവിക്കും.
ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. മറ്റൊരു യുവതി കൂടി രാഹുലിനെതിരേ പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ ക്രെെം ബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. എന്നാൽ ഈ കേസിൽ, പരാതിക്കാരിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ ഈ കേസിൽ നിലവിൽ രാഹുലിന് അറസ്റ്റ് ഭീഷണിയില്ല.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിൽ പ്രതികരണവുമായി മുഖ്യമന്ത്രി. അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടിയെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അറസ്റ്റ് തടയേണ്ട ഒരാവശ്യവും പൊലീസിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന:പൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
