പെരിന്തൽമണ്ണ പരിയാപുരം പട്ടിക്കുന്ന് കൃഷിയിടത്തിൽ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടിക്കുന്ന് കല്ലിപ്പറമ്പിൽ അബ്ദുൽ അസീസ് (55) എന്ന കർഷനാണ് മരിച്ചത്. ഒരു ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. തൊട്ടടുത്തു തന്നെ ഒരു കാട്ടുപന്നിയുടെ ജഡവുമുണ്ട്. വാഴത്തോട്ടത്തിൽ പന്നിശല്യം തടയാൻ കെട്ടിയ വൈദ്യുത വേലിയിൽ തട്ടി ഷോക്കേറ്റതാവാം മരണ കാരണമെന്നാണ് നിഗമനം.
മരിച്ച അബ്‌ദുൽ അസീസ് ഏറെക്കാലമായി പാട്ടഭൂമിയിൽ കൃഷി ചെയ്‌തു വരുന്ന കർഷകനാണ്. ഇത്തവണ വാഴക്കൃഷിയാണ് ചെയ്‌തിരുന്നത്. ഈ മേഖലയിൽ പന്നിശല്യം രൂക്ഷമായിരുന്നു. ഇതു തടയാൻ വൈദ്യുത വേലി പോലൊരു സംവിധാനം ഒരുക്കിയതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്.
അബ്‌ദുൽ അസീസിന്റെ മൃതദേഹത്തിലെ ഇടതു കയ്യിൽ ടോർച്ചും സമീപം തന്നെ വെട്ടുകത്തിയും കിടപ്പുണ്ട്. ഇതേ ഭാഗത്ത് തൊട്ടടുത്തു തന്നെയാണ് ഒരു പന്നിയും ചത്തു കിടക്കുന്നത്. രാത്രിയിലാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.
പന്നിയെ കണ്ട് പിറകെ കൂടിയ അബ്‌ദുൽ അസീസും പന്നിയും വേലിയിൽ നിന്ന് ഷോക്കേറ്റു വീണതാകാമെന്നാണ് നിഗമനം. സമീപത്ത് വീടുകളില്ല. ഇതുവഴി പോയ നാട്ടുകാർക്ക് അനുഭവപ്പെട്ട ദുർഗന്ധമാണ് അന്വേഷണത്തിനിടയാക്കിയതും മൃതദേഹം കണ്ടെത്തിയതും.
പെരിന്തൽമണ്ണ സി.ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾക്ക് നേതൃത്വം നൽകി.
പൊലീസിന്റെയും ട്രോമാകെയർ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയത്. പോസ്‌റ്റുമോർട്ടത്തിനു ശേഷമേ മരണ കാരണം സംബന്ധിച്ച് വ്യക്തത വരൂ എന്ന് പോലീസ് പറഞ്ഞു.
