ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മലയാളി തിളക്കം. 34 ഭാഷകളിൽ നിന്നും 400 സിനിമകളാണ് 72-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്.
ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം നാലാമതും സ്വന്തമാക്കി. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയേയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം. ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ഭ്രമയുഗത്തിലൂടെ ഷഹ്നാദ് ജലാൽ നേടി.
ബോളിവുഡ് താരം കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. 'ചന്തു ചാമ്പ്യൻ' എന്ന ചിത്രത്തിലെ അഭിനയമാണ് കാർത്തിക്കിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ' സ്വന്തമാക്കി.
മികച്ച ഗായികക്കുള്ള പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്ക് ലഭിച്ചു. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്’ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മിയെ മികച്ച ഗായികയാക്കിയത്.
മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത 'രായൻ' സ്വന്തമാക്കിയപ്പോൾ മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം 'ശ്രീകാന്ത്' നേടി.
ആർട്ടിക്കിൾ 370 മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടി യാമി ഗൗതമാണ്. ആർട്ടിക്കിൾ 370 എന്ന ചിത്രമാണ് യാമിയെ മികച്ച നടിയാക്കിയത്. മികച്ച നടനുള്ള പ്രത്യേക പരാമർശം ധനുഷിന് ലഭിച്ചു. 'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പ്രത്യേക പരാമർശം.
'അമരൻ’ സംവിധാനം ചെയ്ത രാജ്‍കുമാർ പെരിയസാമി ആണ് മികച്ച സംവിധായകൻ. മികച്ച എഡിറ്റർക്കുള്ള പുരസ്കാരവും ‘അമരൻ’ സ്വന്തമാക്കി. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ച ആർ.കലൈവണ്ണനാണ് പുരസ്കാരം.
ജൂറി അധ്യക്ഷൻ ജയരാജ് ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 2024ല്‍ സെന്‍സര്‍ ചെയ്‌ത ചിത്രങ്ങളാണ് പരിഗണിച്ചത്. 2012ലും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായി ജയരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇക്കുറി മലയാളത്തില്‍ നിന്ന് ‘ഭ്രമയുഗം’, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ‘കിഷ്‌കിന്ധ കാന്ധം’ എന്നിവ പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പുരസ്കാര നേട്ടത്തിൽ എത്താനായില്ല. പ്രമേയത്തിലും അവതരണത്തിലും മികവ് പുലർത്തിയ ചിത്രങ്ങളായിരുന്നു ‘മഞ്ഞുമ്മൽ ബോയ്സും’ ‘കിഷ്കിന്ധാ കാണ്ഡവും’. എന്നാൽ സാങ്കേതിക വിഭാഗങ്ങളിൽ പോലും ഒരു പുരസ്കാരം ഈ ചിത്രങ്ങൾക്ക് നേടാനായില്ല എന്നത് മലയാളികളെ നിരാശരാക്കി.
