പട്ടാമ്പി സെൻട്രൽ ഓർച്ചാർഡ്: സമഗ്ര നവീകരണവും ഫാം ടൂറിസവും പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

പട്ടാമ്പിയിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന സെൻട്രൽ ഓർച്ചാർഡ് സമഗ്രമായി നവീകരണവും ഫാം ടൂറിസം പദ്ധതിയായി വികസിപ്പിക്കുകയും ചെയ്യുന്നതിനായി സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ മാറ്റിവെച്ചിരുന്നു. ഇതിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, ഓർച്ചാർഡിലെ ഉദ്യോഗസ്ഥർ, കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ പങ്കെടുത്തു. തുടർന്ന് പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി എം.എൽ.എ സ്ഥലം സന്ദർശിച്ചു.

നിലവിൽ ഓർച്ചാർഡിൽ ചുറ്റുമതിൽ നിർമ്മാണം, വീഴാറായ മരങ്ങളും ചില്ലകളും വെട്ടി മാറ്റുന്ന പ്രവൃത്തികൾ എന്നിവ പുരോഗമിക്കുകയാണ്. ഇതോടൊപ്പം മറ്റ് അനുബന്ധ പ്രവർത്തനങ്ങളും ഒരേസമയം നടന്നുകൊണ്ടിരിക്കുന്നുണ്ട്.

ഫാം ടൂറിസം പദ്ധതി രണ്ട് ഘട്ടങ്ങളിലായി ജനങ്ങൾക്ക് തുറന്ന് കൊടുക്കാനാണ് തീരുമാനം. ആദ്യഘട്ടം പൂർത്തിയാക്കുന്നതിനായി ഇനിയും ചില പ്രവർത്തനങ്ങൾ ബാക്കി ഉണ്ടെങ്കിലും, അവ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സജീവമായി നടക്കുകയാണ്.

ആദ്യഘട്ടത്തിൽ തന്നെ കർഷകർക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിൽ വിവിധ കാർഷിക ഉത്പന്നങ്ങളുടെ വിപണന സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള കൗണ്ടറുകൾ ഒരുക്കും. 

തുടർന്നുള്ള ഘട്ടങ്ങളിൽ കൂടുതൽ വിപുലമായ സൗകര്യങ്ങളും ഒരുക്കും. ഇതോടൊപ്പം, വേൾഡ് ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന ‘കേര’ പദ്ധതി പട്ടാമ്പി സെൻട്രൽ ഓർച്ചാർഡിൽ കൊണ്ടുവരുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് എം.എൽ.എ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം