സരസ് മേളയിൽ ‘പെൺപെരുമ’ കലാവിരുന്നൊരുക്കി കുടുംബശ്രീ അംഗങ്ങൾ

പതിമൂന്നാമത് ദേശീയ സരസ് മേളയുടെ നാലാം ദിനം സ്ത്രീശക്തിയുടെയും കലയുടെയും സംഗമവേദിയായി. മേളയിലെ രണ്ടാം  കലാവേദിയായ ‘അമ്മു സ്വാമിനാഥനിൽ’ അരങ്ങേറിയ ‘പെൺപെരുമ’ കുടുംബശ്രീ അംഗങ്ങളുടെ പ്രകടനങ്ങൾ കലാമികവ് വിളിച്ചോതുന്നതായി. അഗളി, തച്ചമ്പാറ, തിരുമിറ്റക്കോട്, കപ്പൂർ സി.ഡി.എസുകളിൽ നിന്നുള്ള നൂറോളം കലാകാരികളാണ് വേദിയിൽ അണിനിരന്നത്.

കുടുംബശ്രീ അംഗങ്ങൾക്കൊപ്പം ബാലസഭാംഗങ്ങളും പങ്കുചേർന്നതോടെ പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൈകൊട്ടിക്കളി, തിരുവാതിരക്കളി, നാടൻപാട്ട്, ലളിതഗാനം, വീരനാട്യം തുടങ്ങി ഇരുപതോളം വൈവിധ്യമാർന്ന കലാപരിപാടികളാണ് കാണികൾക്കായി ഒരുക്കിയിരുന്നത്.

തിരുമിറ്റക്കോട് സി.ഡി.എസിലെ നൂപുരം ഡാൻസ് ഗ്രൂപ്പ് അവതരിപ്പിച്ച ചടുലമായ ഗ്രൂപ്പ് ഡാൻസ് കാണികളുടെ കൈയടി നേടി. ബാലസഭാംഗമായ സാരംഗ് ആലപിച്ച ലളിതഗാനം സംഗീതസാന്ദ്രമായ അന്തരീക്ഷമൊരുക്കി.

അഗളി സി.ഡി.എസിലെ കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിച്ച തനത് നാടൻ പാട്ടുകൾ വേദിയെ ആവേശതിരയിലാഴ്ത്തി. നാടൻ കലാരൂപങ്ങളുടെയും, ആധുനിക നൃത്തയിനങ്ങളുടെയും സമന്വയമായ 'പെൺപെരുമ' സരസ് മേളയ്ക്ക് മാറ്റ് കൂട്ടി.

വേദി മൂന്ന് പഞ്ചമിയിൽ അരങ്ങേറിയ തിരുമിറ്റക്കോട് സി.ഡി.എസിലെ ചുവട് വടക്കേക്കര അവതരിപ്പിച്ച വീരനാട്യവും, ശ്രീഭദ്ര ഗ്രൂപ്പ് അവതരിപ്പിച്ച സംഘനൃത്തവും  വേദിയ്ക്ക് മുൻപിൽ ഒരു ജനപ്രവാഹം തന്നെ സൃഷ്ടിച്ചു. 

കലാപരിപാടികൾക്ക് ശേഷം പാലക്കാട് കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ പി.ഉണ്ണിക്കൃഷ്ണൻ,നവ കേരള മിഷൻ കോഡിനേറ്റർ സെയ്തലവി, ശുചിത്വമിഷൻ കോർഡിനേറ്റർ വരുൺ, ചാലിശ്ശേരി സി.ഡി.എസ് ചെയർപേഴ്സൺ ലത സൽഗുണൻ തുടങ്ങിയവർ പരിപാടികൾ അവതരിപ്പിച്ച കലാകാരികൾക്ക് സ്നേഹാദരം നൽകി ആദരിച്ചു. വരും ദിവസങ്ങളിലും വിവിധ സി.ഡി.എസുകളുടെ നേതൃത്വത്തിൽ വിപുലമായ കലാപരിപാടികൾ അരങ്ങേറും.






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം