രാപ്പകൽ ബാർ ആയി ഓട്ടോ; കച്ചോടം ജോറാക്കി ഡ്രൈവർ ! കുടുങ്ങിയത് ഓപ്പറേഷൻ തണ്ടറിൽ !

ത്രീ സ്റ്റാറൂം ഫൈവ് സ്റ്റാറും ബിയർ പാർലറും യഥേഷ്‌ടം നാട്ടിലുണ്ടെങ്കിലും സഞ്ചരിക്കുന്ന ബാറിനും പ്രസക്തിയുണ്ട്. വാതിൽപ്പടിയിൽ വീര്യം കൂടിയത് കിട്ടുമ്പോൾ വേണ്ടെന്ന് ആരും പറയില്ല. ഏതൊരു മേഖലയും കാലത്തിനൊത്ത് മാറണം. അല്ലെങ്കിൽ അത് നിങ്ങളെ തന്നെ മാറ്റിക്കളയും. 

അതുകൊണ്ടാണ് ഓട്ടോയിൽ മദ്യം  വില്ക്കാനും അത്യാവശ്യക്കാർക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഒരുക്കിയും സഞ്ചരിക്കുന്ന ബാർ പ്രവർത്തിച്ചിരുന്നത്. ഇത് എങ്ങനെയോ മണത്തറിഞ്ഞ എക്സൈസ് ഉദ്യോഗസ്ഥർ ഓട്ടോയുടെ പിറകെ കൂടിയതാണ് പൊല്ലാപ്പായത്.

പാലക്കാട് ആലത്തൂർ കണ്ണമ്പ്ര കല്ലിങ്ങപ്പാടം സ്വദേശി ഷാജി (54) അങ്ങനെയാണ് കുടുങ്ങിയത്. തൃശ്ശൂർ എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻ്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഷാജിയെ അറസ്റ്റ് ചെയ്തു.

41 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഓട്ടോയിൽ നിന്ന് എക്സൈസ് അധികൃതർ കസ്റ്റഡിയിലെടുത്തു. പഴയന്നൂർ റേഞ്ചിലെ എളനാട് കിഴക്കുമുറി  ജുമാമസ്ജിദിന് മുൻവശം നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്ഥിരമായി വാഹനത്തിൽ മദ്യം കൊണ്ടു നടന്ന് ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുകയും വാഹനത്തിനുള്ളിൽ തന്നെ മദ്യം കഴിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിരുന്നതായി എക്സൈസ് കണ്ടെത്തി.

ഒരാഴ്ചയിലേറെയായി രഹസ്യ നിരീക്ഷണത്തിലായിരുന്ന പ്രതിയെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.എം സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം