മനോനില തെറ്റിയ യുവാവ് ഇതാ ഇവിടെയുണ്ട്!

മനോനില തെറ്റി തെരുവുനായയുടെ പച്ചയിറച്ചി ഭക്ഷിക്കേണ്ടിവന്ന  യുവാവിനെ തൃത്താലയിലെ മാധ്യമ പ്രവർത്തകർ പോലീസിൻ്റെ സഹായത്തോടെ  സ്‌നേഹാലയത്തിൽ എത്തിച്ചു.

​കൊടിയ വിശപ്പ്  സഹിക്കാനാവാതെ  തെരുവുനായയുടെ പച്ചയിറച്ചി തിന്നേണ്ടിവന്ന, മാനസികാസ്വാസ്ഥ്യമുള്ള യുവാവിന് ഒടുവിൽ ആശ്വാസതീരം. 

ദിവസങ്ങളോളം പട്ടിണി കിടന്ന് തെരുവിൽ അലഞ്ഞ യുവാവിനെ തൃത്താലയിലെ മാധ്യമപ്രവർത്തകരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് കുമരനല്ലൂരിലെ സ്‌നേഹാലയം ചാരിറ്റബിൾ ഹോമിൽ സുരക്ഷിതമായി എത്തിച്ചത്.

​കഴിഞ്ഞ ദിവസങ്ങളിൽ കുന്നംകുളം കേച്ചേരി റോഡരികിൽ ഈ യുവാവ് തെരുവുനായയുടെ പച്ചയിറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വഴിയാത്രക്കാർ പകർത്തിയിരുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും വൻ തോതിൽ പ്രചാരം നേടുകയും ചെയ്തെങ്കിലും, ഈ മനുഷ്യന് ഒരുനേരത്തെ ഭക്ഷണം നൽകാനോ സുരക്ഷിതമായൊരിടത്തേക്ക് മാറ്റാനോ ആരും മുന്നോട്ടുവന്നിരുന്നില്ല. 

​എന്നാൽ ബുധനാഴ്ച രാവിലെ തൃത്താല മേഴത്തൂർ റോഡിലൂടെ അവശ നിലയിൽ നടന്നുപോവുകയായിരുന്ന യുവാവിനെ കൂറ്റനാട് പ്രസ് ക്ലബ് സെക്രട്ടറി ഇസ്മായിൽ പെരുമണ്ണൂരും മാധ്യമ പ്രവർത്തകൻ ശിവപ്രസാദും തിരിച്ചറിഞ്ഞതോടെയാണ്  ഇടപെടലുണ്ടായത്.  ദിവസങ്ങളായി ആഹാരമൊന്നും കഴിക്കാത്തതിനാൽ അവശനിലയിലായിരുന്നു. ഉടൻ തന്നെ ഇരുവരും ചേർന്ന് യുവാവിനെ മേഴത്തൂർ സെന്ററിലെത്തിച്ച്  ഭക്ഷണവും കുടിവെള്ളവും നൽകി സാന്ത്വനമേകി.

​വിവരം തൃത്താല പോലീസിനെ അറിയിച്ചു. ഉടൻ തന്നെ  സ്ഥലത്തെത്തിയ സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഇയാൾക്ക് ഭക്ഷണമെത്തിച്ചു നൽകി. യുവാവിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും, ഓർമ്മശക്തി പൂർണ്ണമായും നഷ്ടപ്പെട്ട നിലയിലായിരുന്നു യുവാവ്. ചില സമയങ്ങളിൽ 'വിനീത്' എന്നാണ് പേരെന്നു പറയുന്നതൊഴിച്ചാൽ വീടോ നാടോ മറ്റ് വിവരങ്ങളോ ഓർത്തെടുക്കാൻ ഇയാൾക്ക് സാധിക്കുന്നില്ല. കാഴ്ചയിൽ 30 നും 35 നും ഇടയിൽ പ്രായം തോന്നിക്കുന്ന ഈ യുവാവ് അനുഭവിച്ച കടുത്ത പട്ടിണിയാണ് ആരോഗ്യം ക്ഷയിക്കാനിടയാക്കിയത്.

​ഉടൻ തന്നെ ആംബുലൻസ് വരുത്തി, പോലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ യുവാവിനെ തൃത്താല കുമരനല്ലൂരിലുള്ള 'സ്‌നേഹാലയം ചാരിറ്റബിൾ ട്രസ്റ്റിലേക്ക്' മാറ്റി.

ക്യാമറക്കണ്ണുകൾക്ക് മുന്നിൽ വൈറൽ കാഴ്ചയായി മാറിയ ഒരു മനുഷ്യ ജീവന്, സഹജീവി സ്‌നേഹത്തിന്റെ യഥാർത്ഥ മാതൃകയായി മാറിയ തൃത്താലയിലെ  മാധ്യമപ്രവർത്തകരെ നാട്ടുകാർ അഭിനന്ദിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം