ചാലിശ്ശേരി ജി.സി.സി ആർട്സ് ആൻ്റ് സപോർട്സ് ക്ലബ്ബിൻ്റെ നേതൃത്യത്തിലുള്ള ജി.സി.സി അക്കാദമി നടത്തിയ ഒന്നാമത് അണ്ടർ-13 സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ ഐ.ഡി ഇലവൻ സോക്കർ സ്കൂൾ ഒറ്റപ്പാലം ജേതാക്കളായി.
ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ കളിയുടെ രണ്ടാം പകുതിയിൽ നേടിയ ഏക ഗോളിലാണ് ഐ.ഡി ഇലവൻ സോക്കർ സ്കൂൾ ഒറ്റപ്പാലം കിരീടം ചൂടിയത്.
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നായി 8 ടീമുകളാണ് മൂന്ന് ദിവസം നടന്ന ടൂർണമെന്റിൽ മാറ്റുരച്ചത്. ഒരോ മൽസരത്തിലും ആക്രമണവും, പ്രതിരോധ നിരയെ മറികടന്നുള്ള മുന്നേറ്റങ്ങളും ഗോൾ കീപ്പർമാരുടെ മികച്ച സേവുകളും കൊണ്ട് കൊച്ചുതാരങ്ങൾ ഫുട്ബോൾ മികവിൻ്റെ മനോഹര കാഴ്ചകളാണ് മൈതാനത്ത് കാഴ്ചവച്ചത്. നിരവധി രക്ഷിതാക്കളും കായിക പ്രേമികളും മത്സരം കാണാൻ എത്തിയിരുന്നു.
ഫൈനൽ മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പഞ്ചായത്തംഗം സുധീഷ്കുമാർ, വാർഡ് മെമ്പർ ആനി വിനു എന്നിവർ പങ്കെടുത്തു.
വൈകീട്ട് നടന്ന സമ്മാനദാന ചടങ്ങിൽ ജി.സി.സി രക്ഷാധികാരി ബാബു നാസർ, വൈസ് പ്രസിഡന്റ് സി.വി മണികണ്ഠൻ, സെക്രട്ടറി ജിജു ജേക്കബ്, ട്രഷറർ എ.എം ഇക്ബാൽ, ജോയിൻ്റ് സെക്രട്ടറി ഹമീദ് തുറക്കൽ, എ.സി ജോൺസൻ സലീം അറക്കൽ, ബാബു സി പോൾ, അക്കാദമി ടെക്നിക്കൽ ഡയറക്ടർ ശ്രീരാഗ് അമ്പാടി, അക്കാദമി കോച്ചുമാരായ കെ.എച്ച് റംഷാദ്, ആഷിൽ, നബീൽ, നിഖിൽ, ഷൈബിൻ എന്നിവർ ചേർന്ന് വിജയികൾക്കും മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
കുട്ടികളിൽ കായിക മനോഭാവവും സൗഹൃദവും വളർത്താനും വരും തലമുറയിലെ ഫുട്ബോൾ പ്രതിഭകൾക്ക് ആത്മവിശ്വാസം പകരാനും ഈ ടൂർണമെന്റിലൂടെ സാധിച്ചതായി സംഘാടകർ അവകാശപ്പെട്ടു.
