ലഹരിക്കെതിരെ ‘യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്’: കേരള പോലീസ് കായികമേളയുടെ ദീപശിഖാ പ്രയാണത്തിന് പട്ടാമ്പിയിൽ സ്വീകരണം നൽകി

ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സന്ദേശവുമായി കേരള പോലീസിന്റെ 47-ാമത് വാർഷിക കായിക മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ദീപശിഖാ പ്രയാണത്തിന് പട്ടാമ്പി നഗരസഭയുടെ നേതൃത്വത്തിൽ ആവേശോജ്ജ്വല സ്വീകരണം നൽകി. 

സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്' പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 'യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്' എന്ന മുദ്രാവാക്യമുയർത്തിയാണ് ദീപശിഖാ പ്രയാണം സംഘടിപ്പിച്ചത്.  

പട്ടാമ്പി ഹൈസ്കൂളിൽ നിന്നും ജനപ്രതിനിധികളുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ, ജനമൈത്രി അംഗങ്ങൾ, തൂഫാൻ വാരിയേഴ്സ്, കായിക താരങ്ങൾ എന്നിവരുടെയും ബഹുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ദീപശിഖയെ സ്വീകരിച്ചാനയിച്ചത്.  

തുടർന്ന് നടന്ന പൊതുസമ്മേളനം  മുഹമ്മദ് മുഹസിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പട്ടാമ്പി മുനിസിപ്പൽ ചെയർമാൻ ടി.പി ഷാജി അധ്യക്ഷത വഹിച്ചു.  തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദർ ദേശ്മുഖ് ഐ.ആർ.എസ് മുഖ്യപ്രഭാഷണം നടത്തി.  

ജാഥാ ക്യാപ്റ്റൻ ശക്തി സിംഗ് ആര്യ IPS, പട്ടാമ്പി നഗരസഭാ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ, ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിതേഷ് മോഴിക്കുന്നം, ഷൊർണൂർ ഡിവൈ.എസ്.പി കെ.സി വിനു എന്നിവർ സംസാരിച്ചു. പട്ടാമ്പി സർക്കിൾ ഇൻസ്പെക്ടർ എ.ദീപകുമാർ, ഗായകൻ യൂസഫ് കാരക്കാട്, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.  

ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജ് എൻ.സി.സി / എൻ.എസ്.എസ്, പട്ടാമ്പി ഗവ.ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി & എൻ.എസ്.എസ്, എം.ഇ.എസ് (MES) സ്കൂൾ, ലിമെന്റ് (Liment) കോളേജ് എൻ.എസ്.എസ് പ്രതിനിധികളും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

പരിപാടിയോടനുബന്ധിച്ച് വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. ഓറിയന്റൽ സ്കൂളിലെ വിദ്യാർത്ഥിനികളായ ഫാത്തിമ രഹ്ന, ഫാത്തിമ ഹനീന എന്നിവർ പ്രാർത്ഥന ചൊല്ലി.

ചടങ്ങിൽ ലെമന്റ് കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്കിറ്റ്, വനമിത്ര അവാർഡ് ജേതാവും ജനമൈത്രി സമിതി അംഗവുമായ മജീഷ്യൻ മുരളീധരൻ വേളേരിമഠം അവതരിപ്പിച്ച ലഹരിവിരുദ്ധ 'തൂഫാൻ മാജിക് സ്കിറ്റ്', ആനക്കര ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ കോൽക്കളി, പെരിങ്ങോട് സ്കൂൾ കുട്ടികളുടെ മേളം എന്നിവ ചടങ്ങിന് മാറ്റുകൂട്ടി.  

സെപ്റ്റംബർ 5ന് കാസർകോട് നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം സെപ്റ്റംബർ 8ന് കായികമേളയുടെ ഉദ്ഘാടന ദിവസത്തിൽ തിരുവനന്തപുരത്ത് എത്തിച്ചേരും. പട്ടാമ്പിയിലെ സ്വീകരണത്തിന് ശേഷം ചാലിശ്ശേരി തണത്തറ പാലത്തിൽ, ദീപശിഖ തൃശൂർ സിറ്റി പോലീസിന് കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം