മുളയങ്കാവ് മാധവ വാദ്യവിദ്യാലയം 33-ാം വാർഷികാഘോഷവും പുരസ്കാര സമർപ്പണവും വിജയദശമി ദിനത്തിൽ സുബ്രഹ്മണ്യൻ കോവിലിൽ നടത്തി.
എഴുവന്തല ശ്രീരാമജയം രാമചന്ദ്രൻ നായരുടെ ഓർമ്മയ്ക്കായി സഹോദരൻ ശ്രീരാമജയം ശങ്കരനാരായണൻ മാധവ പുരസ്കാര സമർപ്പണം നടത്തി. പ്രമുഖ ചെണ്ട കലാകാരൻ പോരൂർ ഉണ്ണികൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ രാജശ്രീ ഉദ്ഘാടനം നിർവഹിച്ചു. കുലുക്കല്ലൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമാരായ ഗോപൻ വണ്ടുംതറ, പ്രദീപ് വണ്ടുംതറ, ബാലൻ മാസ്റ്റർ, തോട്ടിങ്ങൽ മുരളി, പോരൂർ ഉണ്ണികൃഷ്ണൻ, എഴുവന്തല ശ്രീരാമജയം ശങ്കരനാരായണൻ, രാജേശ്വരി ഷൊർണൂർ, ഗോപാലൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, ദേവൻ മാസ്റ്റർ, വിദ്യാലയം പ്രസിഡൻ്റ് അഭയം കൃഷ്ണൻ, സെക്രട്ടറി മുളയങ്കാവ് അരവിന്ദാക്ഷൻ, പി.ടി.എ പ്രസിഡൻ്റ് സുനിൽ മാസ്റ്റർ, മണ്ണേങ്ങോട് അപ്പു, മുളയങ്കാവ് അജിത്ത് എന്നിവർ സംസാരിച്ചു.
വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോൾ കാനഡയിൽ സോഷ്യൽ വർക്കറുമായ റീജയ്ക്ക് വേണ്ടി അമ്മ രാജേശ്വരി, വൃന്ദ രാഗസുധക്ക് ചെണ്ട സമ്മാനിച്ചു. മേളം പഠിക്കാൻ അതീവ താല്പര്യം കാണിക്കുകയും ഒരു ടീം രൂപീകരിച്ച് മുളയങ്കാവ് അരവിന്ദാക്ഷൻ്റെ കീഴിൽ ഓൺലൈനായി മേളം പഠിക്കുകയും ചെയ്ത റീജ ഓണത്തിന് അരങ്ങേറ്റം നടത്തിയിരുന്നു.
വിദ്യാലയ വാർഷികത്തിൻ്റെ ഭാഗമായി 23 പേർ പഞ്ചാരി മേളത്തിലും, 16 പേർ തായമ്പകയിലും അരങ്ങേറ്റം നടത്തി.

