ഒമാനിൽ കെട്ടിടത്തിൻ്റെ അഞ്ചാം നിലയിൽ നിന്നുവീണ് മലയാളി ബാലികക്ക് ദാരുണാന്ത്യം

സന്ദർശക വിസയിൽ അമ്മയോടൊപ്പം മസ്‌കത്തിലുള്ള പിതാവിൻ്റെ അരികിലെത്തിയ പിഞ്ചോമന കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. ഒമാനിലെ മസ്കത്തിൽ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നാണ് നാലു വയസ്സുകാരി വീണത്.  

വടക്കാഞ്ചേരി ഓട്ടുപാറ പിലാക്കാട് ചങ്കരത്ത് തെക്കേതിൽ പ്രദീപിൻ്റെയും ദിവ്യയുടെയും മകൾ ദക്ഷ പ്രദീപ് (4) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 നാണ് അപകടം.

റുസൈൽ മവേലയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ് പ്രദീപ്. അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കാനായി ദിവ്യ പ്രദീപിന് സമീപത്തേക്ക് പോയ സമയത്ത് ഉറക്കമുണർന്ന കുട്ടി അമ്മയെ കാണാത്ത വെപ്രാളത്തിൽ ജനാല വഴി താഴേക്ക് വീഴുകയായിരുന്നു.

സംഭവമറിഞ്ഞ് റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അടുത്തിടെയാണ് ദിവ്യയും മകളും സന്ദർശന വിസയിൽ ഒമാനിലെത്തിയത്. ഏക മകളായ ദക്ഷയുടെ ദാരുണ മരണത്തിൽ നെഞ്ചു നീറി പിടയുകയാണ്  പ്രദീപും ദിവ്യയും. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് മസ്‌കത്ത് കെ.എം.സി.സി റുസൈൽ ഏരിയ  ഭാരവാഹികൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം