ഭാര്യയെ തല്ലിക്കൊന്ന ഇതര സംസ്ഥാന തൊഴിലാളി റിമാൻ്റിൽ

പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭാര്യയെ തല്ലിക്കൊന്ന ഭർത്താവ് റിമാൻ്റിൽ. 

അസം നാഗോൺ സ്വദേശി മർസിൻസ് ഖാത്തൂൻ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അസം സ്വദേശി റബ്ബുൾ അമീനെ (40) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. 

വെങ്ങോല ചെമ്പാരത്തുകുന്ന് തുറ പാലം ഭാഗത്തെ താമസ സ്ഥലത്ത് ഇന്നലെയാണ് സംഭവം. പ്ലൈവുഡ് കമ്പനി തൊഴിലാളിയായിരുന്നു റബ്ബുൾ അമീൻ. 

ഭാര്യയുടെ പിതാവിനോട് പ്രതി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പണം കൊടുത്തില്ല. തുക നൽകാത്തതിലെ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. 

പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ റബ്ബുൾ അമീൻ പ്ലൈവുഡ് ഉപയോഗിച്ച് മർസിൻസിനെ മർദ്ദിച്ചിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് അംഗം ഉൾപ്പടെയുളളവർ ഇടപെട്ട് യുവതിയെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

നാട്ടുകാർ തടഞ്ഞുവച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികൾക്ക് മൂന്ന് വയസുള്ള പെൺകുട്ടിയുണ്ട്. പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം