ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് പാലക്കാട് ജില്ലാ വികസന സമിതി

സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ വികസന സമിതി. വരും മൂന്ന് മാസങ്ങളില്‍ പ്രത്യേക ജാഗ്രതയും ബോധവത്കരണവും ആവശ്യമാണ്. തുടര്‍ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചു.

പട്ടാമ്പിയിലെ പൊതു ശ്മശാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഭാരതപ്പുഴയില്‍ മാലിന്യം തള്ളല്‍ വ്യാപകമാണെന്നും  കര്‍ശന നടപടി സ്വീകരിക്കണമെന്നും പട്ടാമ്പി പൊലീസ് സ്റ്റേഷന് സമീപത്തെ ബസ് സ്റ്റാൻ്റ് നിര്‍മ്മാണം, ടൗണിലെ ഡ്രെയിനേജ് പ്രവൃത്തി എന്നിവ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മുണ്ടൂര്‍- തൂത റോഡ് നവീകരണത്തിന്റെ ഭാഗമായി അപകടങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും മുന്നറിയിപ്പ് ബോര്‍ഡുകള്‍, സിഗ്നലുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്നും പി. മമ്മിക്കുട്ടി എം.എല്‍.എ ആവശ്യപ്പെട്ടു.

ആലത്തൂര്‍ മണ്ഡലത്തിലെ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെട്ട സ്‌കൂളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തിനകം തന്നെ പൂര്‍ത്തിയാക്കി കൈമാറണമെന്ന് ടി.എം ശശി എം.എല്‍.എ യോഗത്തില്‍ ആവശ്യം ഉന്നയിച്ചു.

കിഫ്ബി പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച കടമ്പൂര്‍ ഗവ.എച്ച്.എസ്.എസ്, വെള്ളിനേഴി എച്ച്.എസ്.എസ് സ്‌കൂളുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടും ക്ലാസ് തുടങ്ങാന്‍ സാധിക്കാത്ത വിഷയത്തില്‍ ജൂലൈ 15നകം പരിഹാര നടപടികള്‍ ഉണ്ടാകണമെന്ന് കെ.പ്രേംകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ.സുധീര്‍ അധ്യക്ഷനായി. അസിസ്റ്റന്റ് പ്ലാനിങ് ഓഫീസര്‍ എം.ദ്വര, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം