സൈനിക സേവനം ഉൾപ്പെടെയുള്ള മേഖലകളിൽ തൊഴിൽ തേടുന്ന യുവാക്കൾക്ക് മികച്ച കായിക പരിശീലനം നൽകാൻ വട്ടേനാട് സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ അലൂമ്നി അസോസിയേഷൻ ഓഫ് വട്ടേനാട് സ്‌കൂൾ (ആവാസ്) പദ്ധതി ആവിഷ്‌കരിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജൂലൈ നാലിന് ശനിയാഴ്ച 5 മണിക്ക് വട്ടേനാട് സ്കൂൾ അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ കായിക പരിശീലന രജിസ്‌ത്രേഷൻ ആരംഭിക്കും. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
കഴിഞ്ഞ വർഷം വട്ടേനാട് സ്‌കൂളിൽ ആരംഭിച്ച പ്രഭാത ഭക്ഷണ പരിപാടി ഈ അധ്യയന വർഷം സ്‌കൂളിൻ്റെ പങ്കാളിത്തത്തോടെ തുടരും. കഴിഞ്ഞ വർഷം ദിനം പ്രതി എൺപതിലേറെ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകിയിരുന്നു.
അതോടൊപ്പം ചെണ്ട പരിശീലനം തുടരും. നാല്പതോളം വിദ്യാർത്ഥികളാണ് ചെണ്ട പരിശീലനം തുടരുന്നത്. ചെണ്ട ഉൾപ്പെടെയുള്ള വാദ്യോപകരണങ്ങൾ ആവാസ് നൽകും.
സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും ആവാസ് വൈസ് പ്രസിഡണ്ടുമായ സതീശ് കാക്കരാത്ത് രചിച്ച 'വടക്കോട്ട് നോക്കുന്നവർ' എന്ന കഥാസമാഹാരം കഥാകൃത്ത് എൻ.പ്രദീപ് കുമാർ പ്രകാശനം ചെയ്യും.
തുടർന്ന് മെഹ്ഫിൽ കൂറ്റനാട് ഒരുക്കുന്ന ഗാനസന്ധ്യ അരങ്ങേറും. സ്റ്റാർ സിംഗർ ഫെയിം കൃഷ്‌ണ ഉൾപ്പെടെയുള്ള പൂർവ വിദ്യാർത്ഥികൾ ഗാനങ്ങൾ ആലപിക്കും.
ആവാസ് ഭാരവാഹികളായ എം.പ്രദീപ്, എം.വി രാജൻ മാസ്റ്റർ, രേവതി വേണു, നൗഷാദ് പനക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
