കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വന്നതോടെ സ്വകാര്യ ബസ്സുകളുടെ കലക്ഷൻ കുത്തനെ ഇടിഞ്ഞു. ഇതോടെ തൃശൂർ ജില്ലയിൽ സ്വകാര്യ ബസ് മേഖല ഗുരുതര പ്രതിസന്ധിയിലെന്ന് ഉടമകൾ പറയുന്നു.
യാത്രക്കാരുടെ കുറവ്, ഇന്ധനവില വർധന, കെ.എസ്.ആർ.ടി.സി 'പ്രിയദർശിനി' ബസ്സുകളുടെ സർവീസ് വ്യാപനം എന്നിവയെ തുടർന്ന് നൂറോളം സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തിയതായി ബസുടമകൾ അറിയിച്ചു.
ഗുരുവായൂർ, പാലക്കാട്, കൊടുങ്ങല്ലൂർ, ചാവക്കാട്, പൊന്നാനി, ചാലക്കുടി, അതിരപ്പിള്ളി ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകളിലാണ് സർവീസ് മുടങ്ങിയത്. പല ജീവനക്കാരും പകുതി ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്.
സ്വകാര്യ ബസ്സുകളിലും 'സീറോ ടിക്കറ്റിങ്' നടപ്പാക്കി സർക്കാർ റീഫണ്ട് നൽകണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. അടുത്ത ആഴ്ച ഗതാഗത മന്ത്രിയുമായി ചർച്ച നടക്കും. കൂടാതെ ഈ മാസം 6ന് തിരുവനന്തപുരത്ത് ബസ്, ഓട്ടോ, ടാക്സി സംഘടനകളുടെ നേതൃത്വത്തിൽ അടിയന്തര യോഗവും നടക്കുന്നുണ്ട്. തൃശൂർ ജില്ലക്ക് പുറമെ മറ്റു ജില്ലകളിലും സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും പ്രതിസന്ധി നേരിടുന്നുണ്ട്.
