പട്ടാമ്പി നിള - ഷൊർണൂർ ഐ.പി.ടി റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറിന് യു.ഡി.എഫ് ഓങ്ങല്ലൂർ പഞ്ചായത്ത് ചെയർമാൻ കെ.എം മുജീബുദ്ധീൻ നിവേദനം നൽകി. മന്ത്രിയുടെ ഓഫീസിലെത്തിയാണ് നിവേദനം നൽകിയത്.
പാലക്കാട്- പൊന്നാനി സ്റ്റേറ്റ് ഹൈവേയിലെ പട്ടാമ്പി നിള- ഐ.പി.ടി. റോഡ് 2023 ജൂൺ 19ന് എസ്റ്റിമേറ്റ് വെച്ച് കിഫ്ബിയുടെ സഹായത്തോടെ കെ.ആർ.എഫ്.ബിയുടെ മേൽനോട്ടത്തിൽ ജാസ്‌മിൻ കൺസ്ട്രക്ഷൻ കമ്പനിയാണ് (ടി.എ അബ്ദുറഹിമാൻ) പ്രവൃത്തി നടത്തുന്നത്.
24 മാസത്തെ കാലാവധി നിശ്ചയിച്ച് തുടങ്ങിയ പ്രവൃത്തി 36 മാസം പിന്നിടുമ്പോൾ എസ്റ്റിമേറ്റ് പ്രകാരമുള്ള അറുപത് ശതമാനം മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്. വളരെ കുറഞ്ഞ പണിക്കാരും യന്ത്രവും ഉപയോഗിച്ചാണ് പണി നടത്തുന്നത്. ഓങ്ങല്ലൂർ മഞ്ഞളുങ്ങൽ ഭാഗത്തെ വലിയ തോട്ടു പാലം മൺസൂൺ തുടക്കത്തിൽ തന്നെ പൊളിച്ചുമാറ്റി ദിവസങ്ങളോളം ഗതാഗതം മുടങ്ങി. വീടുകളിലേക്ക് വെള്ളം കയറി.
പ്രവൃത്തിയിൽ അപാകതകയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ത്വരിത ഗതിയിൽ പണി പൂർത്തീകരിക്കാൻ നിർദ്ദേശം നൽകണമെന്നും ആയിരക്കണക്കിന് ജനങ്ങൾ ഉപയോഗിക്കുന്ന ഈ പാത സഞ്ചാര യോഗ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. അടിയന്തിര ഇടപെടൽ നടത്തുമെന്നു മന്ത്രി പി.കെ ബഷീർ ഉറപ്പ് നൽകിയതായി യു.ഡി.എഫ് വൃത്തങ്ങൾ അറിയിച്ചു.
