സെന്‍സസ് നടപടികളുടെ ഭാഗമായി വീടുവീടാന്തര വിവര ശേഖരണത്തിന് പാലക്കാട് ജില്ലയില്‍ തുടക്കമായി. 4961 എന്യൂമറേറ്റര്‍മാരെയാണ് ജില്ലയില്‍ വിവര ശേഖരണത്തിന് നിയോഗിച്ചിട്ടുള്ളത്.
താലൂക്ക്തലത്തില്‍ 722, മുനിസിപ്പാലിറ്റികളില്‍ 111 എന്നിങ്ങനെ 833 സൂപ്പര്‍വൈസര്‍മാരാണ് പ്രവര്‍ത്തന ഏകോപിപ്പിക്കുന്നത്. ജില്ലയില്‍ ആകെ 4726 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളും (താലൂക്കുകള്‍- 4108, മുനിസിപ്പാലിറ്റികള്‍- 618) രൂപീകരിച്ചിട്ടുണ്ട്.
സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള ജീവനക്കാരെയാണ് എന്യൂമറേറ്റര്‍മാരായും സൂപ്പര്‍വൈസര്‍മാരായും ചുമതലപ്പെടുത്തിയത്.
സെന്‍സസ് ചുമതലയുള്ള എല്ലാ ജീവനക്കാരെയും നിശ്ചിത സമയത്ത് യാതൊരു തടസവും കൂടാതെ ഫീല്‍ഡ് ജോലികള്‍ക്കായി വിട്ടയ്ക്കണമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഈ ജീവനക്കാരെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്ന തരത്തില്‍ മറ്റ് ഔദ്യോഗിക ജോലികളിലേക്ക് നിയോഗിക്കരുതെന്നും ആവശ്യമായ ഔദ്യോഗിക അനുമതികള്‍, ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റുകള്‍, യാത്രാ അനുമതികള്‍ എന്നിവ കാലതാമസം കൂടാതെ അനുവദിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജീവനക്കാരെ വിട്ടയച്ച വിവരം ബന്ധപ്പെട്ട ചാര്‍ജ് ഓഫീസര്‍ മുഖേന മൂന്ന് ദിവസത്തിനകം ജില്ലാ സെന്‍സസ് ഓഫീസറെ രേഖാമൂലം അറിയിക്കണം. നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരേ സെന്‍സസ് ആക്ട് 1948 പ്രകാരം നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
