ഇന്ന് (വ്യാഴാഴ്ച) പുലർച്ചെ ആലപ്പുഴ നഗരത്തിൻ്റെ വടക്കു ഭാഗത്തുള്ള കൈചൂണ്ടി ജംഗ്ഷനിലാണ് അപകടം. അതിവേഗ യാത്രയിൽ നിയന്ത്രണം വിട്ട് തെന്നി വീണ ബൈക്കിൽ നിന്ന് തലയിടിച്ചു താഴെ വീണ രണ്ടു പേർ മരിച്ചു.
മണ്ണഞ്ചേരി അമ്പനാകുളങ്ങര സബീൽ മൻസിൽ കണ്ടത്തിൽ സുധീറിന്റെ മകൻ സബീൽ, മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറെ വീട്ടിൽ റഷീദിന്റെ മകൻ റിൻഷാദ് എന്നിവരാണ് മരിച്ചത്. മണ്ണഞ്ചേരി കുന്നപ്പള്ളി മോഴൂപുറത്ത് ഷാനവാസിന്റെ മകൻ ഷിജാസാണ് ചികിത്സയിലുള്ളത്.
അമ്പനാകുളങ്ങര സ്വദേശിയായ സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ പൂട്ടിവച്ചിരുന്ന ബൈക്ക് മോഷ്ടിച്ച യുവാക്കൾ അതിവേഗത്തിൽ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം. തലയിടിച്ചു വീണ രണ്ട് യുവാക്കൾ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.
അപകടത്തിന് തൊട്ടുമുമ്പും സംഘം മോഷണം നടത്തിയതായി സംശയമുണ്ട്. 25 പാക്കറ്റ് സിഗററ്റ് അപകട സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
