തിരക്കേറിയ കുമരനല്ലൂർ ടൗൺ നവീകരണം എന്നത് പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യമാണ്. നവീകരണ പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ ഇതിന് പരിഹാരമാകും.
കുമരനല്ലൂർ എ.ജെ.ബി സ്കൂൾ മുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രം വരെ കട്ടവിരിച്ച് നടപ്പാത ഒരുക്കൽ, കാൽ നടയാത്രക്കാരുടെ സുരക്ഷക്കായി ഹാൻഡ് റെയിലുകൾ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ഇതിനാവശ്യമായ തുക അനുവദിച്ചതായി വി.ടി ബൽറാം എം.എൽ.എ പറഞ്ഞു. സെന്ററിൽ വായനശാലക്ക് മുന്നിലുള്ള ഉപയോഗ ശൂന്യമായ പഴയ നിർമിതികൾ നീക്കം ചെയ്ത് അങ്ങാടിയുടെ മനോഹാരിത നഷ്ടപ്പെടാതെ പൊതുജനങ്ങൾക്കായി അവിടെ ഇരിപ്പിടം ഒരുക്കും.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വി.ടി ബൽറാം എം.എൽ.എ, പൊതുമരാമത്ത് അധികൃതർ, കപ്പൂർ പഞ്ചായത്ത് അധികൃതർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ടൗണിൽ സന്ദർശനം നടത്തി.
നാട്ടുകാരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും അഭിപ്രായങൾ ആരാഞ്ഞു. നവീകരണത്തിന് തടസ്സം നിൽക്കുന്ന വൈദ്യുതി പോസ്റ്റുകളും മറ്റും മാറ്റി സ്ഥാപിക്കും. ഡ്രൈനേജിന് മുകളിൽ സ്ലാബിട്ട് മൂടും.
നടപ്പാത ഒരുക്കലും മറ്റു അനുബന്ധ ജോലികളും പൂർത്തിയായാൽ കുമരനല്ലൂർ അങ്ങാടിയിലെ ഗതാഗത കുരുക്കിനും കാൽ നടക്കാർ നേരിടുന്ന പ്രയാസങ്ങൾക്കും പരിഹാരമാകും.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ, വൈസ് പ്രസിഡന്റ് പാറയിൽ രാജീവ്, വാർഡ് അംഗങ്ങളായ അലി കുമരനല്ലൂർ, കെ.നൂറുൽ അമീൻ തുടങ്ങിയവർ സംബന്ധിച്ചു.

