ശബരിമല അയ്യപ്പൻ്റെ സ്വത്ത് വഹകൾ കവർച്ച നടത്തിയവർ ആരായാലും അവരെ പൊതുജന മധ്യത്തിലും, നിയമത്തിന് മുന്നിലും കൊണ്ടുവരുന്നത് വരെ പോരാട്ടവുമായി കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
ശബരിമലയുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നും അയ്യപ്പൻ്റെ സ്വർണ്ണം കവർച്ച ചെയ്തവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന പാലക്കാട് മേഖല വിശ്വാസ സംരക്ഷണ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വർണ മോഷണ ക്കേസിൽ കഴിഞ്ഞ 10 വർഷക്കാലം ദേവസ്വം വകുപ്പ് ഭരിച്ച മന്ത്രിമാരുടെയും, ദേവസ്വം പ്രസിഡണ്ടുമാരുടേയും പങ്ക് അന്വേഷിക്കണം. കഴിഞ്ഞ പത്തു വർഷമായി കേരളത്തിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു നടന്ന ആസൂത്രിത മോഷണങ്ങളുടെ ഗൂഢാലോചനകളിൽ ദേവസ്വം മന്ത്രിമാരുടെ പങ്ക് വിശദമായ അന്വേഷണത്തിന് വിധേയമാക്കണം. ദേവസ്വം ബോർഡ് പ്രസിഡന്റുമാരും അംഗങ്ങളും ഉൾപ്പെട്ട സംഘമാണ് ഇത്തരം ആസൂത്രിതമായ എല്ലാ കൊള്ളകൾക്കും പിന്നിലെന്നും കൊടിക്കുന്നിൽ പറഞ്ഞു.
ഈശ്വര വിശ്വാസമില്ലാത്ത ഒരു സർക്കാരും അവർ നിയമിച്ച ദേവസ്വം ബോർഡുമാണ് ശബരിമലയെ ഭരിക്കുന്നത്. കള്ളൻമാരെ കാവലേല്പിച്ച അവസ്ഥയാണ് ശബരിമലയിലേത്. കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെയാണ് ഇവർ വഞ്ചിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃത്താല വെളളിയാംങ്കല്ല് യജ്ഞേശ്വര ക്ഷേത്ര പരിസരത്ത് നടന്ന ജാഥയുടെ ഉദ്ഘാടന ചടങ്ങിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
നേരത്തെ പന്നിയൂർ വാരാഹമൂർത്തി ക്ഷേത്രം, വെള്ളിയാങ്കല്ല് യജ്ഞേശ്വര ക്ഷേത്രം, പാക്കനാർ കാഞ്ഞിരം എന്നിവിടങ്ങളിൽ ദർശനം നടത്തിയ ശേഷമാണ് ജാഥാ ക്യാപ്റ്റൻ കൊടിക്കുന്നിലും, ടി.എൻ പ്രതാപനും മേഖലാ ജാഥയിൽ പങ്കെടുക്കാനെത്തിയത്.
ജാഥയുടെ ഭാഗമായി തൃത്താലയിലെത്തിയ കെ.പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫ്, ജാഥാ ക്യാപ്റ്റൻ, കൊടിക്കുന്നിൽ സുരേഷ്, ടി.എൻ പ്രതാപൻ എന്നിവരെ ഡി.സി.സി പ്രസിഡണ്ട് എ.തങ്കപ്പൻ, കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ടി ബൽറാം, കെ.പി.സി.സി സെക്രട്ടറി സി.ചന്ദ്രൻ, കെ.പി.സി.സി നിർവ്വാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ, പി. ഹരിഗോവിന്ദൻ, മുൻ എം.എൽ.എ സി.പി മുഹമ്മദ്, ഡി.സി.സി ഭാരവാഹികളായ പി.വി മുഹമ്മദാലി, ബാബു നാസർ, പി.ബാലൻ, പി.വി രാജേഷ്, പി.മാധവദാസ്, സി.എച്ച് ഷൗക്കത്തലി, പി.എം അസീസ്, കമ്മുക്കുട്ടി എടത്തോൾ, പി.കെ ഉണ്ണികൃഷ്ണൻ, വി.കെ ശ്രീകൃഷ്ണൻ, ഓ.കെ ഫാറൂഖ്, സി.സംഗീത, വി.പി ഫാത്തിമ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
