ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യവസായി നേരിട്ടത് ക്രൂരമർദ്ദനം...

തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്നും ഭാഗ്യത്തിന് രക്ഷപ്പെട്ട വ്യവസായി നേരിട്ടത് ക്രൂരമർദ്ദനം. ഒറ്റപ്പാലം വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന പ്രവാസി വ്യവസായി വണ്ടൂർ സ്വദേശി വി.പി മുഹമ്മദാലി  (72) യെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമാണെന്ന് അറിവായി. 

കോതകുർശ്ശിയിൽ ഒളിവിൽ പാർപ്പിച്ച വീട് പോലീസ് കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്തു. അക്രമികളെ പിടികൂടാൻ വ്യാപക പരിശോധന നടക്കുന്നുണ്ട്.

എഴുപത് കോടി രൂപ മോചന ദ്രവ്യമായി ക്രിമിനൽ സംഘം ആവശ്യപ്പെട്ടതായും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പോലീസിൽ അറിയിച്ചാൽ ജീവഹാനി നേരിടേണ്ടിവരുമെന്നും അക്രമികൾ ഭീഷണി മുഴക്കി. 

നീലഗിരിയിൽ കോളേജ് വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടിനെ ചൊല്ലിയാണ് അക്രമികൾ ആരാഞ്ഞത്. സാമ്പത്തിക ഇടപാടിൻ്റെ പേരിലാണ് വ്യവസായിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് ബന്ധുക്കളുടേയും നിഗമനം. 17 കോടി രൂപയുടെ സാമ്പത്തിക ഇടപാടിനെ കുറിച്ച് സംഘം തട്ടിക്കൊണ്ടു പോകുന്ന സമയത്ത്  ചോദിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. 

കോതകൂർശ്ശിയിലെ ആളൊഴിഞ്ഞ വീട്ടിൽ മുഹമ്മദലിയെ എത്തിച്ച ശേഷം സംഘത്തിലുള്ളവർ മദ്യപിച്ചു അബോധാസ്ഥയിലായതാണ് മുഹമ്മദാലിക്ക് രക്ഷയായത്. പരിക്കുകളോടെ അവശനിലയിൽ രക്ഷപ്പെട്ട മുഹമ്മദലിയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പച്ചത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഷൊർണൂർ ഡി.വൈ.എസ്‌.പിയുടെ നേതൃത്വത്തിൽ ഏഴു സംഘങ്ങളായാണ് തിരച്ചിലിൽ ഏർപ്പെട്ടത്.

രക്ഷപ്പെട്ട അക്രമികളെ പിടികൂടാൻ പോലീസ് വ്യാപക തെരച്ചിൽ തുടരുകയാണ്. തൃശൂർ റേഞ്ച് ഐ.ജി, പാലക്കാട് ജില്ലാ പൊലീസ് മേധാവി എന്നിവരാണ് അന്വേഷണത്തിൽ മേൽനോട്ടം വഹിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.

ഇന്നലെ വൈകീട്ട് ആറരയോടെയാണ് കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ വ്യവസായിയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. കൂറ്റനാട് -ചെറുതുരുത്തി റോഡിൽ കൊഴിക്കോട്ടിരി പാലത്തിന് സമീപത്തു നിന്നും മുഹമ്മദലി സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി തോക്കു ചൂണ്ടിയാണ് സംഘം  വ്യവസായിയെ കടത്തിക്കൊണ്ടുപോയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം