കൊല്ലം ചവറ വട്ടത്തറയിലാണ് നാടിനെ ഞെട്ടിച്ച ക്രൂര സംഭവം. ഇന്ന് വൈകുന്നേരമാണ് ക്രൂര കൊലപാതകം നാടറിഞ്ഞത്. വട്ടത്തറ തെക്കേതിൽ വീട്ടിൽ സുലേഖ ബീവി (70) യാണ് കൊച്ചു മകൻ്റെ കൊലക്കത്തിക്കിരയായത്.
സുലേഖ ബീവിയുടെ മകളുടെ മകൻ ഷഹനാസ് (28) ആണ് കടുംകൈ ചെയ്തത്. ഇന്ന് ഉച്ചമുതൽ ഷഹനാസ് വീട്ടിൽ ഉണ്ടായിരുന്നു. സുലേഖ ബീവിയുടെ പക്കലുള്ള പെൻഷൻ പണം ആവശ്യപ്പെട്ടു കൊണ്ട് ശല്യപ്പെടുത്തിയിരുന്നു.
നേരത്തെ ലഹരി കേസുകളിൽ പ്രതിയായ ഷഹനാസിന് പണം നൽകാൻ വിസമ്മതിച്ചതോടെയാണ് കത്തികൊണ്ട് മുത്തശ്ശിയുടെ കഴുത്തറുത്തത്. വെട്ടിയെടുത്ത തല പ്ലാസ്റ്റിക് കവറിലാക്കി കട്ടിലിനിടയിൽ ഒളിപ്പിക്കുകയും ചെയ്തു.
ഈ ക്രൂരകൃത്യം കാണാനിടയായ ഷഹനാസിൻ്റ മാതാവ് മുംതാസ് ജീവനൊടുക്കാൻ ശ്രമിച്ചു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ മുംതാസിനെ ആശുപത്രിയിലെത്തിച്ചു.
സംഭവത്തിനു ശേഷം യാതൊരു കൂസലുമില്ലാതെ വീട്ടിൽ തന്നെ ഇരുന്ന ഷഹനാസിനെ ചവറ പോലീസ് കസ്റ്റഡിയിലെടുത്തു.
