രാജ്യം കാതോർത്ത കോടതി വിധി പുറത്തുവന്നു. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. ഒന്നുമുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം.വർഗീസ് ആണ് വിധി പ്രസ്താവിച്ചത്.
പ്രതികളായ പൾസർ സുനി, മാർട്ടിൻ ആൻ്റണി, ബി. മണികണ്ഠൻ, വി.പി വിജീഷ്, എച്ച്.സലിം (വടിവാൾ സലിം), പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷൻ ഉന്നയിച്ച ബലാത്സംഗക്കുറ്റം തെളിഞ്ഞു. എന്നാൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി പറഞ്ഞു.
എട്ടുവർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് നടിയെ ആക്രമിച്ച കേസിൽ കോടതി ഇന്ന് വിധി പറഞ്ഞത്. നടൻ ദിലീപും, പൾസർ സുനിയും (സുനിൽ കുമാർ) ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിലെത്തിയിരുന്നു. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്നും എല്ലാ പ്രതികൾക്കും തക്കതായ ശിക്ഷ ലഭിക്കുമെന്നുമാണ് വിശ്വാസമെന്ന് അതിജീവിതയുടെ അഭിഭാഷക ടി.ബി മിനി പറഞ്ഞു.
ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകിയ കേസ് രാജ്യത്തിൻ്റെ നീതി ന്യായ ചരിത്രത്തിൽ ആദ്യമാണ്. അങ്കമാലി അത്താണിക്കു സമീപം കാർ തടഞ്ഞു നിർത്തി നടിയെ തട്ടിക്കൊണ്ടു പോയി ശാരീരികമായി ഉപദ്രവിക്കുകയും അപകീർത്തികരമായ അശ്ലീല വീഡിയോ പകർത്തുകയും ചെയ്തെന്നാണ് കേസ്.
2017 ഫെബ്രുവരി 17ന് രാത്രിയായിരുന്നു കേരളത്തെ നടുക്കിയ സംഭവം. നടൻ ദിലീപ് ഉൾപ്പെടെ 10 പേരായിരുന്നു പ്രതികൾ. ദിലീപ് എട്ടാം പ്രതിയാണ്. എൻ.എസ് സുനിലാണ് (പൾസർ സുനി) ഒന്നാംപ്രതി. മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി വിജീഷ്, എച്ച്.സലിം (വടിവാൾ സലിം), പ്രദീപ്, ചാർളി തോമസ് എന്നിവരാണ് രണ്ടുമുതൽ ഏഴുവരെ പ്രതികൾ. സനിൽ കുമാർ (മേസ്‌തിരി സനിൽ) ഒമ്പതാം പ്രതിയും.
ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ബലപ്രയോഗം, അന്യായ തടങ്കൽ, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. തെളിവു നശിപ്പിക്കലിന് ദിലീപിന്റെ സുഹൃത്ത് ജി.ശരത്തും പ്രതിയാണ്.
261 സാക്ഷികളെ വിസ്‌തരിച്ചു. പ്രോസിക്യൂഷൻ 833 രേഖകൾ ഹാജരാക്കി. 68 രേഖകൾ ഫയലിൽ സ്വീകരിച്ചു. 142 തൊണ്ടി മുതലുകളും ഹാജരാക്കി. പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. സാക്ഷി വിസ്താരത്തിന് 438 ദിവസവും മറ്റു നടപടിക്രമങ്ങൾക്കായി 294 ദിവസവുമെടുത്തു. ചലച്ചിത്ര താരങ്ങളെയടക്കം വിസ്തരിച്ചു. 28 പേർ കൂറുമാറി.
തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ, ഓടുന്ന വാഹനത്തിലാണ് നടി ആക്രമിക്കപ്പെട്ടത്. അക്രമികൾ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി. പൊലീസിൻ്റെ അതിവേഗ അന്വേഷണത്തിൽ പൾസർ സുനി ഉൾപ്പെടെയുള്ളവരെ ഉടൻ പിടികൂടി. തുടർന്ന് ദിലീപിനെ ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്തു. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു. 2018 മാർച്ച് എട്ടിനാണ് വിചാരണ നടപടികൾ ആരംഭിച്ചത്. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാ ജഡ്‌ജിയെ ഹൈക്കോടതി നിയോഗിച്ചു.
