പാലക്കാട് ജില്ലയിൽ സംഭരിച്ച നെല്ലിന്റെ വിലയായി 6.85 കോടി രൂപ സപ്ലൈകോയിൽ നിന്ന് ബാങ്കുകൾ വഴി കർഷകരുടെ കൈയിലെത്തിച്ചതായി അധികൃതർ അറിയിച്ചു.
പുതുക്കിയ സംഭരണ വിലയായ 30 രൂപ നിരക്കിലാണ് തുക നൽകിയത്. 6,562 കർഷകരിൽ നിന്നായി 7,092 മെട്രിക് ടൺ നെല്ലാണ് ഇതുവരെ സംഭരിച്ചത്. ബാക്കി നൽകാനുള്ള 14.5 കോടി രൂപ ഉടൻ വിതരണം ചെയ്യുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
അതിനിടെ രണ്ടു മാസത്തേക്ക് സംഭരണത്തിന് കരാറിലേർപ്പെടാൻ തയ്യാറാണെന്ന് മില്ലുടമകളുടെ സംഘടനയായ റൈസ് മില്ലേഴ്‌സ് അസോസിയേഷൻ അറിയിച്ചു. എന്നാൽ സപ്ലൈകോ ഇതിൽ തീരുമാനമെടുത്തിട്ടില്ല.
ജില്ലയിൽ മാത്രം 900 പാടശേഖരങ്ങൾക്കാണ് ഇതുവരെ മില്ലുകൾ അനുവദിച്ച് നൽകിയിട്ടുള്ളത്. സംസ്ഥാനത്ത് 10,598 കർഷകരിൽ നിന്നായി 17,283 മെട്രിക് ടൺ നെല്ലാണ് 2025-26 വർഷം ഒന്നാം വിളയിൽ ഇതുവരെ സംഭരിച്ചത്.
2017 മുതൽ 1206.09 രൂപ കുടിശ്ശിക ഇനത്തിൽ കേരളത്തിന് ലഭിക്കാനുണ്ടെന്നും താങ്ങുവിലയും കുടിശ്ശികയും ചേർത്ത് 2601 കോടി രൂപ കേന്ദ്രം നൽകാനുണ്ടെന്നും ഇത്തരം പ്രതിസന്ധിക്കിടയിലും നെല്ലുസംഭരണം സുഗമമായി മുന്നോട്ടു പോകുകയാണെന്നും അധികൃതർ പറയുന്നു.
