മാവേലിക്കര കല്ലുമല പുതുച്ചിറയിലാണ് ഞെട്ടിക്കുന്ന കൊലപാതകം. മാവേലിക്കര നഗരസഭ മുൻ കൗൺസിലറായ കനകമ്മ സോമരാജൻ (69) ആണ് മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. ഏക മകനായ കൃഷ്ണദാസിനെ (ഉണ്ണി- 39) പോലീസ് കസ്റ്റഡിയിലെടുത്തു.
ലഹരിക്ക് അടിമയായിരുന്ന കൃഷ്ണദാസ് അടുത്തിടെയാണ് ലഹരിമുക്ത ചികിത്സ കഴിഞ്ഞ് വീട്ടിൽ എത്തിയത്. മാതാവിനെ കൊലപ്പെടുത്തിയ വിവരം പ്രതിയായ മകൻ തന്നെയാണ് മാവേലിക്കര പോലീസിനെ വിളിച്ചറിയിച്ചത്. ചെങ്ങന്നൂർ ഡി.വൈ.എസ്.പി.
ആർ.ബിനുകുമാർ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. മാവേലിക്കര 12-ാം വാർഡ് മുൻ കൗൺസിലറും സി.പി.ഐ നേതാവുമായിരുന്നു കനകമ്മ സോമരാജൻ.
മാതാവിനെ കൊലപ്പെടുത്തിയെന്നും കീഴടങ്ങാൻ എത്തുകയാണെന്നും കൃഷ്‌ണദാസ് പൊലീസിനോട് പറഞ്ഞു. വിരലടയാള വിദഗ്‌ധരും ശാസ്ത്രീയ പരിശോധനാ സംഘവും പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
കിടപ്പു മുറിയിൽ മൃതദേഹം കട്ടിലിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. ഇവിടെ മൽപ്പിടുത്തത്തിൻ്റെ തെളിവുകൾ കിട്ടി. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ് മോർട്ടത്തിൽ കനകമ്മയുടെ കഴുത്തിന്റെ അസ്ഥികൾക്ക് പൊട്ടൽ കണ്ടെത്തി. വാരിയെല്ലുകൾ പൂർണമായി ഒടിഞ്ഞ് കരളിലും ശ്വാസത്തിലും തുളഞ്ഞ് കയറിയിരുന്നു. ആന്തരിക രക്തസ്രാവം ഉണ്ടായതായും കണ്ടെത്തി. മൃഗീയ മർദനത്തിന് കനകമ്മ ഇരയായതായി പോലീസ് പറഞ്ഞു.
തൻ്റെ വിവാഹബന്ധം വേർപിരിയാനുള്ള കാരണക്കാരി അമ്മയാണെന്ന സംശയം കൃഷ്‌ണദാസിന് ഉണ്ടായിരുന്നു. മുൻ ഭാര്യയുമായി കൃഷ്‌ണദാസിന് ബന്ധം ഉണ്ടായിരുന്നതായും അവരെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ കൃഷ്‌ണദാസും മാതാവും തമ്മിൽ നിരന്തരം കലഹങ്ങൾ നടന്നിരുന്നതായും പറയപ്പെടുന്നുണ്ട്.
വീട്ടിലെ വിഷയങ്ങൾ കാരണം പലപ്പോഴും കനകമ്മ ബന്ധുവീടുകളിൽ ആയിരുന്നു താമസം. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കനകമ്മ വീട്ടിൽ തിരികെയെത്തിയത്. ഭൂമി വിൽക്കുന്നത് സംബന്ധിച്ച തർക്കവുമുണ്ട്. കഴിഞ്ഞ ദിവസം ഭൂമി വിൽക്കാനുള്ള നീക്കങ്ങൾ നടന്നിരുന്നു. വിൽപ്പന മുടക്കരുതെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടു. വസ്‌തു വിൽപ്പനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാകാം കൊലപാതക കാരണമെന്ന് കരുതുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
