നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വെറുതെ വിട്ടതിന് പിന്നാലെ ആദ്യ പങ്കാളിയും നടിയുമായ മഞ്ജു വാര്യർക്കും പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി ദിലീപ്.
സത്യം ജയിച്ചെന്നു പറഞ്ഞ ദിലീപ്, ഈ കേസിൽ ക്രിമിനൽ ഗൂഡാലോചന അന്വേഷിക്കണമെന്ന് മഞ്ജു വാര്യർ പറഞ്ഞിടത്ത് നിന്നാണ് തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചതെന്നും പറഞ്ഞു. കോടതി മുറിയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു എട്ടാം പ്രതിയായിരുന്ന ദിലീപിൻ്റെ ആദ്യ പ്രതികരണം.
കേസില്‍ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണ്. ജയിലിലായിരുന്ന പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് തനിക്കെതിരെ കള്ളക്കഥ മെനഞ്ഞു. ഒരു മേല്‍ ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലീസ് സംഘവും ചേർന്നാണ് അത് നടപ്പിലാക്കിയത്. കേസിലെ പ്രധാന പ്രതിയേയും അയാളുടെ കൂട്ടാളികളേയും ചേർത്തുപിടിച്ച് പൊലീസ് സംഘം കള്ളക്കഥ പടച്ചു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ആ കള്ളക്കഥ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നും ദിലീപ് ആരോപിച്ചു.
പൊലീസ് സംഘം ഉണ്ടാക്കിയ എല്ലാ കള്ളക്കഥകളും കോടതിയില്‍ തകർന്ന് വീണെന്നും ദിലീപ് അവകാശപ്പെട്ടു. യഥാർത്ഥ ഗൂഢാലോചന നടന്നത് തന്നെ പ്രതിയാക്കാന്‍ വേണ്ടിയായിരുന്നു. തന്‍റെ ജീവിതവും കരിയറുമൊക്കെ നശിപ്പിക്കാന്‍ വേണ്ടിയാണ് ഇതൊക്കെ ചെയ്തത്. തന്നെ പിന്തുണച്ചവർക്കും കോടതിയില്‍ തനിക്ക് വേണ്ടി വാദിച്ച അഭിഭാഷകർക്കും നന്ദി പറയുന്നുവെന്നും ദിലീപ് കോടതി വളപ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിൻ്റെ ഈ പ്രതികരണത്തോടെ കേസിന് പുതിയ പരിണാമങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്. എന്നാൽ തന്നെ കുടുക്കിയവർക്കെതിരെ കേസ് ഫയൽ ചെയ്യുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്ന പൊതുവികാരം ഉണ്ടായിട്ടുണ്ട്. സർക്കാർ തന്നെ അപ്പീൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, ഗൂഡാലോചനക്കുറ്റം തെളിയിക്കപ്പെടാതിരുന്നതിനെ തുടർന്നാണ് ദിലീപിനെ നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയത്. കേസിലെ എട്ടാം പ്രതിയായിരുന്നു നടന്‍. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സർ സുനി ഉള്‍പ്പെടേയുള്ള ഒന്നുമുതല്‍ ആറ് വരേയുള്ള പ്രതികളെയാണ് കോടതി ശിക്ഷിച്ചത്.
2017 ഫെബ്രുവരി 17 ന് അങ്കമാലി അത്താണിക്ക് സമീപം വെച്ചാണ് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിർത്തി ഒരുസംഘം അതിക്രമിച്ച് കയറിയത്. പിന്നീട് ഇവർ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ച്
അതിജീവിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അപകീർത്തികരമായ വീഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തു. പിന്നാലെ അക്രമിസംഘം കടന്നു കളഞ്ഞു. സംഭവത്തിന് ശേഷം അതിജീവിത സംവിധായകനും നടനുമായ ലാലിൻ്റെ വസതിയിലാണ് അഭയം തേടിയത്.
വിവരം അറിഞ്ഞ് സ്ഥലം എം.എൽ.എ ആയിരുന്ന പി.ടി തോമസ് ലാലിൻ്റെ വസതിയിലെത്തി അതിജീവിതയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നാലെ അതിജീവിത പൊലീസിൽ പരാതി നൽകുകയായിരുന്നു.
2017 ഫെബ്രുവരി 18ന് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാർട്ടിൻ ആൻ്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാർട്ടിൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന പൾസർ സുനി എന്ന സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കണ്ടെത്തി.
2017 ഏപ്രിൽ 18ന് പൾസർ സുനിയെ ഒന്നാം പ്രതിയാക്കി പൊലീസ് അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് കേസിൽ നടൻ ദിലീപിൻ്റെ പങ്കാളിത്തം വ്യക്തമാകുന്ന സംഭവ വികാസങ്ങൾക്ക് തുടക്കമാകുന്നത്. 2017 ജൂലൈ 10ന് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിറ്റേന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു.
ഇതിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പിന്നീട് 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷം 2017 ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു. പൾസർ സുനി, മാർട്ടിൻ ആൻ്റണി, വിജിഷ്, മണികണ്ഠൻ, പ്രദീപ് കുമാർ, സലീം, വിഷ്ണു, ദിലീപ്, സുരാജ്, അപ്പു എന്നിവരായിരുന്നു കേസിലെ ഒന്ന് മുതൽ 10 വരെയുള്ള പ്രതികൾ.
കേസിൽ ഒന്നുമുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരെന്നാണ് കോടതി വിധിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം.വർഗീസ് ആണ് വിധി പ്രസ്‌താവിച്ചത്. പ്രതികളായ പൾസർ സുനി, മാർട്ടിൻ ആൻ്റണി, ബി. മണികണ്‌ഠൻ, വി.പി വിജീഷ്, എച്ച് സലിം (വടിവാൾ സലിം), പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വം അപമാനിക്കൽ, ബലപ്രയോഗം, അന്യായ തടങ്കൽ, തെളിവുനശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ഇതിൽ പ്രോസിക്യൂഷൻ ഉന്നയിച്ച ബലാത്സംഗക്കുറ്റം തെളിഞ്ഞു. എന്നാൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി പറഞ്ഞു. ഇന്ത്യയിലാദ്യമായാണ് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്ത കേസ് കോടതിയിലെത്തിയത്.
