തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാംകുളം എന്നീ ഏഴ് ജില്ലകളിൽ ഒന്നാം ഘട്ട വിധിയെഴുത്ത് ചൊവ്വാഴ്ച നടക്കും. സുതാര്യമായ രീതിയിൽ വോട്ട് ചെയ്യുന്നതിനായി സമ്മതിദായകൻ തിരിച്ചറിയൽ രേഖ കൈയ്യിൽ കരുതണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പാലക്കാട് ഉൾപ്പെടെയുള്ള മറ്റു ഏഴ് ജില്ലകളില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണം ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികള്‍ സമാധാനപരമായിരിക്കണമെന്നും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ നിര്‍ദേശിച്ചു.
പൊതുജനങ്ങള്‍ക്ക് മാര്‍ഗ തടസം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികള്‍ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തര്‍ക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗണ്‍സ്‌മെന്റുകളും പ്രചാരണ ഗാനങ്ങള്‍ ഉച്ചത്തില്‍ കേള്‍പ്പിച്ചു മത്സരിക്കുന്ന പ്രവണതയും കര്‍ശനമായി നിയന്ത്രിക്കാന്‍ കമ്മീഷണര്‍ ജില്ലാ കളക്ടര്‍മാര്‍ക്കും പൊലീസ് അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പുവരുത്തണം.
1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. ഈ വ്യവസ്ഥ തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനും ബാധകമാണ്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ്റെ വോട്ടർ ഐ.ഡി കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ്, ആറ് മാസം മുമ്പ് ദേശസാൽകൃത ബാങ്കുകൾ നൽകിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ്റെ വോട്ടർ സ്ലിപ്പ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. പ്രവാസി വോട്ടർമാർ പോളിങ് സ്റ്റേഷനുകളിൽ പാസ്പോർട്ടിന്റെ ഒറിജിനൽ കാണിക്കണം.
വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവ തടസപ്പെടുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. മാതൃകാ പെരുമാറ്റചട്ട ലംഘനം, കള്ളവോട്ട് ചെയ്യൽ, ആൾമാറാട്ടം, പോളിംഗ് ബൂത്തിൽ അതിക്രമം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യൽ, തെരഞ്ഞെടുപ്പ് സാമഗ്രികൾ നശിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കും.
