തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. അമ്പതിലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തെങ്കാശി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും തെങ്കാശിയിൽ നിന്ന് കോവിൽ പട്ടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
തെങ്കാശിയിലെ ഇടയ്ക്കൽ ഗ്രാമത്തിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും തകർന്നു.
അപകടത്തെത്തുടർന്ന് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ജില്ലാ കലക്‌ടർ എ.കെ കമൽ കിഷോറും പൊലീസ് സൂപ്രണ്ട് എസ്.അരവിന്ദും സംഭവസ്ഥലത്ത് എത്തിയിരുന്നു.
മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് അമിത വേഗതയിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ബസ് ഡ്രൈവറുടെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടാതെ കൈകൾക്കും കാലുകൾക്കും തലയ്ക്കും ഒടിവുകൾ ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റവരും ചികിത്സയില്‍ ഉണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
