ചേലക്കരയിൽ കൂറുമാറിയ മെമ്പറെ സി.പി.എം പുറത്താക്കി

ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയിൽ കടുത്ത നടപടിയുമായി സി.പി.എം രംഗത്ത്. ഡിസം.27ന് നടന്ന ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നതിന് പകരം യു.ഡി.എഫ് സ്ഥ‌ാനാർഥിക്ക് വോട്ട് രേഖപ്പെടുത്തിയ പതിനാറാം വാർഡ് മെമ്പർ പി.എൻ രാമചന്ദ്രനെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. 

പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്തത് അതീവ ഗൗരവകരമാണെന്ന് വിലയിരുത്തിയാണ് നടപടിയെന്ന് ലോക്കൽ സെക്രട്ടറി എം.വി മനോജ്‌കുമാർ പറഞ്ഞു.

വോട്ട് മാറി ചെയ്തത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന രാമചന്ദ്രന്റെ വിശദീകരണം പാർട്ടി മുഖവിലക്കെടുത്തില്ല. 24 വാർഡുകളുള്ള ചേലക്കരയിൽ 12 സീറ്റുകൾ വീതം നേടി യു.ഡി.എഫും, എൽ.ഡി.എഫും സമനിലയിലായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രതിനിധിയായ ടി.ഗോപാലകൃഷ്ണന് ലഭിച്ച വോട്ടാണ് എൽ.ഡി.എഫിൻ്റെ ഭരണ സാധ്യത നഷ്ടപ്പെടുത്തിയത്. 

സി.പി.എം മെമ്പറുടെ ഈ വോട്ട് ലഭിച്ചാണ് കോൺഗ്രസിന് ചേലക്കരയിൽ ഭരണം ലഭിച്ചത്. പാർട്ടിയുടെ അടിസ്ഥാന തത്വങ്ങൾക്കും അച്ചടക്കത്തിനും വിരുദ്ധമായി പ്രവർത്തിച്ച രാമചന്ദ്രനെതിരെ കർശനമായ നടപടി വേണമെന്ന് ലോക്കൽ കമ്മിറ്റി നേരത്തെ തന്നെ മേൽഘടകത്തോട് ആവശ്യപ്പെട്ടിരുന്നു.

മെമ്പറെ പുറത്താക്കിയ സാഹചര്യത്തിൽ ഇയാൾക്കെതിരേ കുറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യതാ നടപടികളുമായി മുന്നോട്ട് പോകാനാണ് ഇടതുമുന്നണിയുടെ നീക്കം. ഇതോടെ ചേലക്കര പഞ്ചായത്ത് പതിനാറാം വാർഡിൽ മറ്റൊരു ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങും. 

പത്ത് വർഷത്തിന് ശേഷമാണ് ചേലക്കരയിൽ യു.ഡി.എഫ് ഭരണം തിരിച്ചു വരുന്നത്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായ പഞ്ചായത്തിൽ സി.പി.എമ്മിൻ്റെ ഒരു വോട്ടുകൂടി നേടി ഭരണത്തിലെത്തി പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത  ടി.ഗോപാലകൃഷ്‌ണനെ കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി ബൽറാം ഓഫീസിലെത്തി അനുമോദിച്ചു.  മുസ്ലിം ലീഗിലെ ഫൗസിയയാണ് നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം