തിങ്ങി നിറഞ്ഞ ആസ്വാദക സദസ് നവ്യ നായരുടെ കണ്ണുകൾക്ക് അമൃത് പകർന്നപ്പോൾ, നർത്തകിയുടെ നൃത്തച്ചുവടുകൾ ആയിരങ്ങൾക്ക് കുളിർ മഴയായി !
ചാലിശ്ശേരിയിൽ നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയുടെ സാംസ്കാരിക സദസിൽ ഇന്ന് ദൃശ്യവിരുന്നൊരുക്കിയത് ചലച്ചിത്ര താരം നവ്യ നായരായിരുന്നു.
ഗണേശ മല്ലാരിയിൽ തുടങ്ങിയ ഭരതനാട്യം സോളോ കച്ചേരി കലാപ്രേമികളിൽ യഥാർത്ഥത്തിൽ ആനന്ദ നടനമായി. ആദി താളത്തിലും ഘമാസ് രാഗത്തിലുമായി അവതരിപ്പിച്ച മാഥേ മലയധ്വജ എന്ന വർണ്ണവും ആസ്വാദകർ നെഞ്ചിലേറ്റി.
തുടർന്ന് നടന്ന ഭരതനാട്യത്തിൻ്റെ ഭാവാഭിനയ അവതരണങ്ങളും അവിസ്മരണീയമായി. പ്രേക്ഷക മനസ് കീഴടക്കിയ നന്ദനം എന്ന ചലച്ചിത്രത്തിലെ കാർമുകിൽ വർണ്ണൻ്റെ ചുണ്ടിൽ എന്ന ഗാനത്തിന് നൃത്തവിഷ്കാരം നൽകി ആനന്ദാശ്രുവോടെ നവ്യ നടനം പര്യവസാനിച്ചു. മന്ത്രി എം.ബി രാജേഷ് നവ്യയ്ക്ക് സ്നേഹാദരം നൽകി.
പ്രധാന വേദിയിൽ നടന്ന നവ്യനടന വിസ്മയത്തിന് സാക്ഷ്യം വഹിക്കാൻ ആയിരങ്ങൾ ആണ് എത്തിയത്. പ്രധാന ഹാളിലേക്ക് കടക്കാൻ ഇടമില്ലാത്തതിനാൽ പുറത്ത് ആയിരങ്ങളാണ് എന്തി വലിഞ്ഞ് നിന്ന നില്പിൽ നടന വൈഭവം ആസ്വദിച്ചത്. ഇരിപ്പിടം കിട്ടാതെ നൂറുകണക്കിനാളുകൾ നിരാശയോടെ തിരിച്ചു പോകുന്നതും കാണാമായിരുന്നു.
