ചാലിശ്ശേരി മുലയം പറമ്പ് മൈതാനിയിൽ നടക്കുന്ന പതിമൂന്നാമത് ദേശീയ സരസ് മേളയിലെ കുടുംബശ്രീയുടെ മെഗാ ഫുഡ് കോർട്ടിൽ ആദ്യ ദിനം നടന്നത് റെക്കോർഡ് വില്പന. ഭക്ഷ്യ വിപണനത്തിലൂടെ 6.11 ലക്ഷം രൂപയാണ് കുടുംബശ്രീ കരസ്ഥമാക്കിയത്.
2025 ജനുവരിയിൽ ചെങ്ങന്നൂരിൽ നടന്ന സരസ്മേളയിലെ ആദ്യ ദിന റെക്കോർഡ് വില്പനയെ മറി കടക്കാൻ ഇത്തവണത്തെ ചാലിശ്ശേരിയിലെ സരസ് മേളയ്ക്ക് കഴിഞ്ഞു.
5.31 ലക്ഷം രൂപയായിരുന്നു 2025 ജനുവരിയിൽ ചെങ്ങന്നൂരിൽ സംഘടിപ്പിച്ച സരസ് മേളയിലെ ഭക്ഷ്യമേളയിൽ ആദ്യ ദിനം കുടുംബശ്രീ നേടിയത്.
ഇക്കുറി സംസ്ഥാന തലത്തിൽ കോഴിക്കോട് ജില്ലയിലെ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ മലബാർ വിഭവങ്ങളൊരുക്കി 52,020 രൂപ നേടി വിൽപ്പനയിൽ ആദ്യ ദിനം ഒന്നാമതെത്തി.
47450 രൂപ നേടി പാലക്കാട് ജില്ലയാണ് രണ്ടാ സ്ഥാനത്തെത്തിയത്. 43300 രൂപ നേടി കോട്ടയം ജില്ല മൂന്നാം സ്ഥാനവും നേടി.
ഇതര സംസ്ഥാന ഫുഡ് സ്റ്റാളുകളിലെ വിഭവങ്ങൾക്കും ആവശ്യക്കാരേറെയാണ്. 1. 94 ലക്ഷം രൂപയുടെ വിഭവങ്ങളാണ് വിറ്റു പോയത്. രാജാസ്ഥാനിലെ ഗ്രാമീണ സ്വയം സഹായ സംഘങ്ങളിലെ വനിതകൾ തയ്യാറാക്കിയ വിഭവങ്ങളുടെ വിൽപ്പനയിലൂടെ 27,840 രൂപയും തമിഴ് നാടിലെ വിഭവ ങ്ങൾക്ക് 25,620 രൂപയും ഉത്തരാഖണ്ഡിലെ സംരംഭകർക്ക് 24,100 രൂപയും നേടാനായി.

