2026ലെ സംസ്ഥാന റവന്യൂ അവാർഡുകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച് പാലക്കാട് ജില്ല. മികച്ച ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ, വില്ലേജ് ഓഫീസർ തുടങ്ങിയ പ്രധാന വിഭാഗങ്ങളിലെല്ലാം ജില്ലയിൽ നിന്നുള്ളവർ പുരസ്കാരത്തിന് അർഹരായി.
മികച്ച ജില്ലാ കലക്ടർ പുരസ്കാരം അർജുൻ പാണ്ഡ്യൻ (തൃശൂർ) നേടി. മികച്ച കലക്ടറേറ്റ് തിരുവനന്തപുരമാണ്.
റവന്യൂ വകുപ്പിലെ വിവിധ ഓഫീസുകളിൽ നിന്ന് പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമതയും ഉദ്യോഗസ്ഥരുടെ പ്രവർത്തന മികവും വിലയിരുത്തിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
ഡെപ്യൂട്ടി കളക്ടർ (ജനറൽ) വിഭാഗത്തിൽ പാലക്കാട് എ.ഡി.എം കെ.സുനിൽ കുമാർ മികച്ച ഉദ്യോഗസ്ഥനായി തിരഞ്ഞെടുക്കപ്പെട്ടു.
പ്രിൻസിപ്പൽ തഹസിൽദാർമാരുടെ പട്ടികയിൽ പാലക്കാട് താലൂക്കിലെ എൻ.എൻ. മുഹമ്മദ് റാഫി പുരസ്കാരം നേടി. 1997 ൽ പാലക്കാട് കലക്ടറേറ്റിൽ എൽ.ഡി ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. 2020ൽ മണ്ണാർക്കാട് തഹസിൽദാറായി സ്ഥാനക്കയറ്റം ലഭിച്ചു. 2024 ൽ പാലക്കാട് പ്രിൻസിപ്പൽ തഹസിൽദാറായി. മരുത റോഡിൽ താമസിക്കുന്ന മുഹമ്മദ് റാഫി കൊല്ലങ്കോട് നണ്ടൻ കിഴായ സ്വദേശിയാണ്.
കൂടാതെ, പാലക്കാട് ലാൻഡ് ട്രിബ്യൂണൽ ഓഫീസിലെ സ്പെഷ്യൽ തഹസിൽദാർ (എൽ.ടി) എ.അബ്ദുൽ ലത്തീഫ് മികച്ച സ്പെഷ്യൽ തഹസിൽദാറായും തിരഞ്ഞെടുത്തു. 1996 ൽ പാലക്കാട് കലക്ടറേറ്റിൽ എൽ.ഡി ക്ലർക്കായി നിയമനം ലഭിച്ചു. 2001 മുതൽ 2014 വരെ സർക്കാർ നടപ്പാക്കിയ ഫ്രൻഡ്സ് സേവന കേന്ദ്രത്തിൻ്റെ പാലക്കാട് പ്രൊജക്ട് മാനേജറായിരുന്നു. 2015 ൽ ജൂനിയർ സൂപ്രണ്ടായി. 2022ൽ ലാൻ്റ് ട്രിബ്യൂണൽ സ്പെഷ്യൽ തഹസിൽദാരായി സ്ഥാനക്കയറ്റം ലഭിച്ചു. നെന്മാറ കരിമ്പാറ സ്വദേശിയാണ്.
പാലക്കാട് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസിനുള്ള അവാർഡ് ആലത്തൂർ താലൂക്കിലെ വടക്കഞ്ചേരി 1 വില്ലേജ് ഓഫീസ് സ്വന്തമാക്കി.
വില്ലേജ് ഓഫീസർമാരുടെ വിഭാഗത്തിൽ ജില്ലയിൽ നിന്ന് മൂന്ന് പേരാണ് അവാർഡിന് അർഹരായത്. വടക്കഞ്ചേരി 1 വില്ലേജിലെ ടി.എസ്. ശ്രീകല, കൊല്ലങ്കോട് 1 വില്ലേജിലെ ആർ.ശ്രീജ, തൃത്താല വില്ലേജിലെ കെ.നദീറ എന്നിവരാണ് മികച്ച സേവനത്തിന് അംഗീകാരം ലഭിച്ചത്.
മികച്ച വില്ലേജ് ഓഫീസിനും വില്ലേജ് ഓഫീസർക്കും ഒരുമിച്ച് അംഗീകാരം ലഭിച്ചതിൻ്റെ ഇരട്ടി മധുരത്തിലാണ് വടക്കഞ്ചേരി 1 വില്ലേജ്. 20 വർഷം മുമ്പ് റവന്യൂ വകുപ്പിൽ നിയമനം ലഭിച്ച ടി.എസ് ശ്രീകല രണ്ടര വർഷം മുമ്പാണ് വില്ലേജ് ഓഫീസറായി വടക്കഞ്ചേരി 1 വില്ലേജിൽ എത്തിയത്.
കൊല്ലങ്കോട് 1 വില്ലേജ് ഓഫീസർ ആർ.ശ്രീജയ്ക്ക് ഇത് രണ്ടാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്. 2006 ൽ സർവീസിൽ പ്രവേശിച്ച ശ്രീജ 2023 ലാണ് കൊല്ലങ്കോട് ഒന്നിൽ വില്ലേജ് ഓഫീസറായി ചുമതലയേറ്റത്. മുതലമട പ്ലാക്കോട് കുളമ്പ് സ്വദേശിയാണ്.
2006 ൽ സർവീസിൽ പ്രവേശിച്ച കെ.നദീറ 20 വർഷത്തിനിടെ ഒറ്റപ്പാലം, പട്ടിത്തറ, തിരുവേഗപ്പുറ, നാഗലശ്ശേരി, കപ്പൂർ, ചാലിശ്ശേരി എന്നിവിടങ്ങളിൽ വില്ലേജ് അസിസ്റ്റൻ്റ് ആയി ജോലി ചെയ്തു. തിരുമിറ്റക്കോട് വില്ലേജിൽ സ്പെഷ്യൽ വില്ലേജ് ഓഫീസറായി ജോലി ചെയ്യുമ്പോഴാണ് തൃത്താല വില്ലേജ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചത്. കുമരനല്ലൂർ സ്വദേശിയാണ് നദീറ.
ജില്ലാ കളക്ടർമാർ ശിപാർശ ചെയ്ത നോമിനേഷനുകളിൽ ലാൻഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ ക്രോസ് വെരിഫിക്കേഷന് ശേഷമാണ് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. ഉദ്യോഗസ്ഥരുടെ കാര്യപ്രാപ്തി, സത്യസന്ധത, ഫീൽഡ് ജോലിയിലുള്ള പ്രാവീണ്യം എന്നിവയ്ക്കൊപ്പം ഐ.ടി സെല്ലിൽ നിന്നുള്ള സേവനങ്ങളുടെ കണക്കുകളും പട്ടയ വിതരണത്തിലെ പുരോഗതിയും പുരസ്കാരത്തിനായി പരിഗണിച്ചു. ആകെ ലഭിച്ച 459 ഓഫീസർ നോമിനേഷനുകളിൽ നിന്നാണ് മികവ് തെളിയിച്ചവരെ തിരഞ്ഞെടുത്തത്.
