നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച ഹരി മുരളിയെ (27) ബന്ധുവിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
പയ്യന്നൂർ അന്നൂരിലെ ബന്ധുവും സിനിമാ താരവുമായ കെ.യു മനോജിൻ്റെ വീട്ടിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.
മലയാളത്തിൽ അമ്പതോളം സിനിമകളിൽ ഹരിമുരളി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. സിനിമാഭിനയം വിട്ട ശേഷം വി.എഫ്.എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഹരി മുരളി. മൃതദേഹം പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മോർച്ചറിയിൽ.
നാടക- സിനിമാ നടൻ പയ്യന്നൂർ മുരളി (കെ.യു. മുരളി) യുടെയും പ്രസന്നയുടേയും മകനാണ്.
'രസികൻ' 'അണ്ണൻ തമ്പി', 'മാടമ്പി', 'ഡോൺ', 'പട്ടണത്തിൽ ഭൂതം', 'ഉലകം ചുറ്റം വാലിബൻ' തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലാണ് ബാലതാരമായി വേഷമിട്ടത്.
കുട്ടിക്കാലത്ത് പിതാവിന്റെ കൂടെ നാടക ക്യാമ്പുകളിൽ പങ്കെടുത്തതാണ് അഭിനയത്തിലേക്ക് കടക്കാൻ പ്രേരണയായത്.
ടെലിവിഷൻ പരമ്പരകളിലൂടെയാണ് സിനിമിയിലെത്തിയത്. എ.എം.നസീർ സംവിധാനം ചെയ്ത് ദിനേഷ് പള്ളത്ത് തിരക്കഥയെഴുതിയ പരമ്പരയിലൂടേയാണ് അരങ്ങേറ്റം. ആറര വയസ്സുള്ളപ്പോഴാണ് 'രസികനി'ലെ വേഷം ചെയ്യുന്നത്.
പഠനത്തിനായി ചെറിയ ഇടവേളയെടുത്ത ശേഷം 'അമർ അക്ബർ ആന്റണി'യിലൂടെ അഭിനയത്തിൽ തിരിച്ചെത്തി. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനിയൻ വേഷം ചെയ്തു.
വിഷ്വൽ ഇഫക്ട്‌സ് ആൻ്റ് ആനിമേഷനിൽ ബിരുദധാരിയാണ്. ബെംഗളൂരുവിലായിരുന്നു പഠനം. കൊച്ചിയിൽ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നു. സിനിമയ്ക്കായി തിരക്കഥ എഴുതാനുള്ള ശ്രമത്തിലായിരുന്നു.
മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം. വിഷ്വൽ ഇഫക്ട്‌സ് ആർട്ടിസ്റ്റായി പ്രവൃത്തിക്കവെയാണ് മരണം.
