ബാറിലുണ്ടായ തർക്കത്തെ തുടർന്ന് കൊല്ലം കടയ്ക്കലിൽ യുവാവിനെ വെട്ടിക്കൊന്നു; നാല് പേർ പിടിയിൽ

കടയ്ക്കൽ വയല ശരത് ഭവനിൽ ശരത്താണ് കൊല്ലപ്പെട്ടത്. ശരീരത്തിൽ നിരവധി വെട്ടുകളും കുത്തുകളുമുണ്ട്. ബാറിൽ ഉണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയാണ് കൊലപാതകം എന്നാണ് പൊലീസ് നൽകുന്ന വിവരം.

കടയ്ക്കലിലെ ബാറിലെത്തിയ ശരത്ത് രാഹുലുമായി തർക്കത്തിലേർപ്പെടുകയും, ബാർ ജീവനക്കാർ ഇടപെടുകയും ഇരുവരെയും പറഞ്ഞു വിടുകയും ചെയ്‌തിരുന്നു. 

തുടർന്ന് ബാറിൽ നിന്ന് ഇറങ്ങിയ ശരത്തിനെ ഓട്ടോറിക്ഷയിൽ നാലംഗസംഘം പിന്തുടർന്നെത്തി. പന്തളം മുക്കിൽ വെച്ച് കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ശരത്തിനെ സംഘം വെട്ടുകയും കുത്തുകയുമായിരുന്നു.

അഞ്ചുമുക്കിലെ ഭാര്യ വീട്ടിൽ ആയിരുന്നു ശരത്തിന്റെ താമസം. അങ്ങോട്ടു പോകുന്നതിനിടയിൽ വെട്ടേറ്റ ശരത്ത് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. പിന്തുടർന്ന് എത്തിയ സംഘം ശരത്തിനെ ദേഹമാസകലം വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. 

ഗുരുതരമായി പരിക്കേറ്റ് കിടന്നിരുന്ന ശരത്തിനെ നാട്ടുകാർ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചു. എങ്കിലും രക്ഷിക്കാനായില്ല.

കൊല്ലം കടയ്ക്കലിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പ്രതികൾ പിടിയിലായി. കടയ്ക്കൽ കോവൂർ സ്വദേശികളായ രാഹുൽ, ജയേഷ്, ലിജോ, അജീഷ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം