നെല്‍കര്‍ഷകരുടെ പ്രശ്നത്തില്‍ അടിയന്തര ഇടപെടലുണ്ടാവണമെന്ന് പാലക്കാട് ജില്ലാ വികസന സമിതി യോഗം

നെല്‍കര്‍ഷകര്‍ നേരിടുന്ന പ്രശ്നത്തില്‍ അടിയന്തര ഇടപെടലുണ്ടാവണമെന്ന് പാലക്കാട് ജില്ലാ കലക്ടര്‍  കെ.സുധീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന  സമിതി യോഗത്തില്‍  ആവശ്യമുയര്‍ന്നു.  നെല്ല് സംഭരണവും പി.ആര്‍.എസ് തുക വിതരണവും പൂര്‍ത്തിയാക്കണമെന്നവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. 

പി.ആര്‍.എസ് അടിക്കുന്നതിന്റെ എണ്ണം ഒരുമാസത്തിൽ നിലവിലുള്ളതിനേക്കാൾ വര്‍ധിപ്പിക്കണമെന്നും   നെല്ല് സംഭരണ സമയത്ത് 55 കിലോയിൽ കൂടുതൽ വരുന്ന ചാക്കുകളിൽ അധികമായി വരുന്ന നെല്ലിന്റെ അളവ് ഉൾപ്പെടുത്തണമെന്നും  എം.എൽ.എമാരായ സുമേഷ് അച്യുതൻ, കെ.പ്രേംകുമാർ, എ.പ്രഭാകരൻ, വി.ടി ബൽറാം, മുഹമ്മദ് മുഹസിൻ എന്നിവർ ആവശ്യപ്പെട്ടു.  

ടാറിന്റെ വില വര്‍ധിച്ച സാഹചര്യത്തില്‍ കോണ്‍ട്രാക്ടര്‍മാര്‍ എടുത്ത ടെന്‍ഡറിനെക്കാള്‍ കൂടുതല്‍ തുക  കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനുള്ള നടപടി വേണമെന്ന് സുമേഷ് അച്യുതന്‍ എം.എല്‍.എ നിര്‍ദേശിച്ചു. ചിറ്റൂർ മണ്ഡലത്തിലെ ഫ്ലഡ് റോഡുകളിൽ 16 എണ്ണത്തിന് ഭരണാനുമതി ലഭിച്ചതായി എൽ.എസ്.ജി.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

തൃത്താല മണ്ഡലത്തിലെ പടിഞ്ഞാറങ്ങാടി വായനശാലയുടെ കെട്ടിട നിര്‍മ്മാണം, പട്ടിക്കായല്‍ നവീകരണം എന്നിവയുടെ പ്രവര്‍ത്തങ്ങളുടെ ഓരോ ഘട്ടവും കൃത്യമായി പരിശോധിക്കണമെന്ന് 

വി.ടി ബല്‍റാം എം.എല്‍.എ അഭ്യർത്ഥിച്ചു. നെല്ല് സംഭരണത്തിനുള്ള പി.ആർ.എസ് സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സ്പെഷ്യൽ ഡ്രൈവ് നടത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. 

മേല്‍പ്പാല നിര്‍മ്മാണത്തോടനുബന്ധിച്ച് മലമ്പുഴ- ഒലവക്കോട് റോഡ് അടച്ചിട്ടതിനെ തുടർന്നുള്ള  പ്രതിസന്ധി പരിഹരിക്കണമെന്ന്  എ.പ്രഭാകരന്‍ എം.എല്‍.എ അറിയിച്ചു.

ഭാരതപ്പുഴയുടെ തീരത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്കായി ശുചിമുറി, മാലിന്യ സംസ്കരണ സംവിധാനം എന്നിവ ഒരുക്കേണ്ടത് അനിവാര്യമാണെന്ന് മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ പറഞ്ഞു. ശുചിമുറി മാലിന്യം ഭാരതപ്പുഴയിൽ ഒഴുക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും 

കുടിവെള്ളത്തിനായി പുഴയിലെ ജലം ഉപയോഗിക്കുന്ന തീരപ്രദേശത്തെ ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നഗരസഭ ഇടപെട്ട് മാലിന്യം തള്ളുന്നവര്‍ക്കെതിരെ പിഴ ചുമത്താൻ കൃത്യമായ ഇടപെടലുണ്ടാവണമെന്നും മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ പറഞ്ഞു. പണി പൂർത്തിയാക്കിയ പട്ടാമ്പി ശ്മശാനം എത്രയും വേഗം തുറന്നു കൊടുക്കാനും, പട്ടാമ്പി റവന്യൂ ടവറിന്റെ നിർമാണം ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മുഹമ്മദ് മുഹ്സിൻ എം.എൽ.എ ആവശ്യപ്പെട്ടു.

അമ്പലപ്പാറ, ലക്കിടി പേരൂര്‍, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ് പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി സാങ്കേതിക തടസങ്ങള്‍ക്കപ്പുറം പ്രായോഗിക ഇടപെടലാണ് ആവശ്യമെന്നും നടപടി വേഗത്തിലാക്കണമെന്നും കെ.പ്രേംകുമാര്‍ എം.എല്‍.എ പറഞ്ഞു.

ആലത്തൂര്‍ ഇറിഗേഷന്‍ ക്വാട്ടേഴ്സില്‍ താമസിക്കുന്ന 13 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കല്‍ പട്ടയ ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെട്ട വിഷയത്തില്‍ അടിയന്തര നടപടി വേണമെന്ന് ടി.എം ശശി എം.എല്‍.എ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ രമേശ് പിഷാരടി എം.എല്‍.എ, എ.ഡി.എം.കെ സുനില്‍കുമാര്‍, ഒറ്റപ്പാലം സബ് കലക്ടര്‍ അന്‍ജീത് സീങ്, ജില്ലാ ആസൂത്രണ ഓഫീസര്‍ ഏലീയാമ്മ നൈനാന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം