ഡിജിറ്റല്‍ സെന്‍സസില്‍ പങ്കാളികളായി പാലക്കാട് ജില്ലാ കലക്ടറും ജീവനക്കാരും; സെന്‍സസ് എന്യൂമറേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു

ഭാരത് സെന്‍സസ് 2027 ന്റെ ഭാഗമായി പാലക്കാട് ജില്ലാ കലക്ടറും കലക്ടറേറ്റിലെ ജീവനക്കാരും ഓണ്‍ലൈനായി സെല്‍ഫ് എന്യൂമറേഷന്‍ ചെയ്തു. 

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്യൂമറേഷന്‍ ഡ്രൈവിന് ജില്ലാ സെന്‍സസ് ഓഫീസറും എ.ഡി.എമ്മുമായ എ.അബ്ദുള്‍ ലത്തീഫ് നേതൃത്വം നല്‍കി.  

ജില്ലാ കലക്ടര്‍ കെ.സുധീര്‍ മൊബൈല്‍ ഫോണില്‍ തന്നെ സ്വന്തം വിവരങ്ങള്‍ നല്‍കി പ്രക്രിയ പൂര്‍ത്തിയാക്കി. പൊതുജനങ്ങള്‍ ജൂണ്‍ 30നകം കൃത്യതയോടെ ചോദ്യാവലി പൂരിപ്പിച്ച് സെന്‍സസിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.  സെന്‍സസ് നോഡല്‍ ഓഫീസറായ പി.എ ടോംസ് പ്രക്രിയ വിശദീകരിച്ചു.

സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യേണ്ട വിധം:

https://se.census.gov.in പോര്‍ട്ടലില്‍ സംസ്ഥാനം തിരഞ്ഞെടുത്ത ശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യാം. ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഒരിക്കല്‍ തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാന്‍ കഴിയില്ല. ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കുക. തുടര്‍ന്ന് പോര്‍ട്ടലിലെ മാപ്പില്‍ കൃത്യമായ താമസസ്ഥലം 'റെഡ് മാര്‍ക്കര്‍' ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ടതുണ്ട്. തുടര്‍ന്ന് സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിവരങ്ങള്‍ പരിശോധിച്ച ശേഷം (പ്രിവ്യൂ) അന്തിമ സമര്‍പ്പണം നല്‍കാം.

വിവരങ്ങള്‍ വിജയകരമായി രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ 'എച്ച്' എന്ന് തുടങ്ങുന്ന 11 അക്ക പ്രത്യേക സെല്‍ഫ്- ഇന്യൂമറേഷന്‍ ഐഡി (എസ്.ഇ. ഐഡി) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. 

ജൂണ്‍ 30നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്- ഇന്യൂമറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തി ശേഖരിക്കും.

സെന്‍സസ് ഡയറക്ടറേറ്റ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ (ഗ്രേഡ് രണ്ട്) എം എസ് രേവതി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം