തോക്കുചൂണ്ടി പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ

മലപ്പുറം വണ്ടൂർ സ്വദേശിയായ പ്രവാസി വ്യവസായി മുഹമ്മദാലി (72) യെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഒരു പ്രതി കൂടി അറസ്റ്റിലായത്.

എറണാകുളം ആലുവ ഈസ്റ്റ് വെലുംകിടൻ വീട്ടിൽ ബിലാൽ (30) എന്ന ബില്ലയെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കേരളത്തെ നടുക്കിയ തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 20 ആയി ഉയർന്നു. 

കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ പോയ സംഭവത്തിലെ മുഖ്യപ്രതിക്ക് സുരക്ഷിതമായി ഒളിക്കാൻ താവളമൊരുക്കുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്ത കുറ്റത്തിനാണ് ബിലാലിനെ ക്രൈംബ്രാഞ്ച് പൊക്കിയത്. 

2025 ഡിസംബർ ആറിനാണ് കേസിനാസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്. ഗൾഫിലേക്ക് പോകുന്നതിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദാലിയെ പട്ടാമ്പി - ആറങ്ങോട്ടുകര റോഡിൽ കൊഴിക്കോട്ടിരി പാലത്തിൽ വെച്ചാണ് പിന്തുടർന്നെത്തിയ ക്രിമിനൽ സംഘം കാർ തടഞ്ഞ് തോക്കുചൂണ്ടി കടത്തിക്കൊണ്ടുപോയത്. ക്വട്ടേഷൻ സംഘം ആസൂത്രിതമായാണ് കൃത്യം നടത്തിയത്.  തുടർന്ന് പനമണ്ണ കോതക്കുർശ്ശിയിലെ ഒരു രഹസ്യ കേന്ദ്രത്തിലാണ് ഇദ്ദേഹത്തെ പാർപ്പിച്ചത്.

പ്രവാസി വ്യവസായിയിൽ നിന്നും 70 കോടി രൂപ മോചനദ്രവ്യമായി തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വൻ ക്വട്ടേഷൻ ആസൂത്രണം ചെയ്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. തടങ്കലിൽ പാർപ്പിച്ചിരുന്ന സമയത്ത് അക്രമി സംഘം മദ്യലഹരിയിൽ ഉറങ്ങിപ്പോയ അവസരം മുതലെടുത്താണ് മുഹമ്മദലി അവിടെ നിന്നും അതിസാഹസികമായി ഓടി രക്ഷപ്പെട്ടത്. പരിക്കുകളോടെ രക്ഷപ്പെട്ട ഇദ്ദേഹത്തെ നാട്ടുകാരും പോലീസും ചേർന്നാണ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത ക്വട്ടേഷൻ സംഘങ്ങൾ സംയുക്തമായാണ് ഈ കുറ്റകൃത്യം നടപ്പിലാക്കിയതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കേസിൽ നേരിട്ട് പങ്കെടുത്തവരും തട്ടിക്കൊണ്ടുപോകലിന്റെ മുഖ്യസൂത്രധാരനും ഉൾപ്പെടെയുള്ള ഭൂരിഭാഗം പേരെയും നേരത്തെ തന്നെ പോലീസ് സംഘം വലയിലാക്കിയിരുന്നു. 

ഒളിത്താവളത്തിൽ നിന്നും പിടിയിലായ പ്രതി ബിലാലിനെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം