മലപ്പുറം ജില്ലയിലെ കോട്ടക്കൽ, തിരൂർ, കുറ്റിപ്പുറം, വളാഞ്ചേരി മേഖലകളിൽ ഹൈവേ കേന്ദ്രികരിച്ച് ആഡംബര വാഹനത്തിൽ കറങ്ങി നടന്ന് വൻ തോതിൽ രാസ ലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. തിരൂർ കൂട്ടായി സ്വദേശി അബ്ദുള്‍ മുഫാസിർ (33) ആണ് കുറ്റിപ്പുറത്ത് പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഡാൻസാഫ് ടീമും കുറ്റിപ്പുറം പോലീസും ചേർന്ന് രാത്രി നടത്തിയ പരിശോധനയിലാണ് കുറ്റിപ്പുറം മഞ്ചാടിയിൽ ഇയാളെ പിടികൂടിയത്.
ആഡംബര വാഹനത്തിന്റെ സ്റ്റെപ്പിനി ടയറിൽ മാഗ്നറ്റിൽ സെല്ലോ ടാപ്പ് കൊണ്ട് പൊതിഞ്ഞു വാഹനത്തിൻ്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്ന 25ലക്ഷം രൂപയോളം വില വരുന്ന 493.16 ഗ്രാം MDMA യും 8 ഗ്രാമോളം ഹൈബ്രിഡ് കഞ്ചാവുമാണ് പോലീസ് പ്രതിയിൽ നിന്ന് കണ്ടെടുത്തത്.
2024ൽ മലപ്പുറം, കൽപകഞ്ചേരി പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാന രീതിയിൽ കേസുണ്ട്. ഈ കേസുകളിൽ രണ്ടു വർഷത്തോളം റിമാൻ്റ് പ്രതിയായി ജയിലിൽ കിടന്ന് കോടതിയിൽ നിന്ന് ജാമ്യം എടുത്ത് പുറത്ത് ഇറങ്ങിയാണ് വീണ്ടും MDMA വില്പന നടത്തിയത്.
ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് MDMA കടത്താൻ ഉപഗോഗിച്ച ആഡംബര വാഹനവും പോലീസ് കണ്ടെടുത്തു. പ്രതിക്ക് MDMA കടത്തുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ഉൾപ്പെടെ മറ്റു സഹായങ്ങൾ ചെയ്തവരെ പോലീസ് അന്വേഷിച്ചു വരികയാണ്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS ന്റെ നിർദേശ പ്രകാരം നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സിബിയുടെ മേൽ നോട്ടത്തിൽ കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ മണികണ്ഠൻ, എസ്.ഐ കെ.എസ് സുധീർ, മലപ്പുറം, പെരിന്തൽമണ്ണ, തീരുർ ഡാൻസാഫ് ടീം എന്നിവരടങ്ങിയ സംഘം ആണ് കേസന്വേഷണം നടത്തുന്നത്.
