സൗദിയിലെ റിയാദിൽ മൂന്ന് മലപ്പുറം സ്വദേശികൾ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണ കാരണം. പെരിന്തൽമണ്ണ വലമ്പൂർ സ്വദേശിയും ചെറുകരയിൽ താമസക്കാരനുമായ പാലക്കപറമ്പ് വീട്ടിൽ പ്രസാദ് (57), വണ്ടൂർ കുറ്റിയിൽ സ്വദേശി അയ്യാട്ട് വീട്ടിൽ ഷാജഹാൻ (40), എടക്കര വഴിക്കടവ് സ്വദേശി റസാഖ് ദേവർ തൊടിക (54) എന്നിവരാണ് മരണപ്പെട്ടത്.
റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു പെരിന്തൽമണ്ണ വലമ്പൂർ പാലക്കപ്പറമ്പ് വീട്ടിൽ പ്രസാദ്. പ്രസാദിനെ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കാണുകയും തുടർന്ന് റെഡ് ക്രസന്റ് അധികൃതരും, പോലീസുമെത്തി മരണം സ്ഥിരീകരിക്കുകയുമായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ശുമൈസി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. മരണ വിവരമറിഞ്ഞ് ദമ്മാമിലുള്ള മകൻ അനിരുദ്ധ് റിയാദിൽ എത്തിയിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ : അനിരുദ്ധ്, അർജുൻ.
വണ്ടൂർ കുറ്റിയിൽ സ്വദേശി അയ്യാട്ട് വീട്ടിൽ ഷാജഹാനും റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് താമസ സ്ഥലത്ത് ഷാജഹാനെ അത്യാസന്ന നിലയിൽ കണ്ടെത്തിയത്. ഉടനടി ഹോസ്പിറ്റലിൽ എത്തിച്ചു. തുടർന്ന് വെന്റിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരണപ്പെടുകയായിരുന്നു. പിതാവ്: പരേതനായ ഹബീബ്, മാതാവ് : സുഹ്റ. ഭാര്യ: റിൻഷ, ഫാത്തിമ നദ ഏക മകളാണ്. മൃതദേഹം നാട്ടിൽ കൊണ്ടു പോകാൻ നടപടി തുടങ്ങി.
എടക്കര വഴിക്കടവ് സ്വദേശി റസാഖ് ദേവർ തൊടികയാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. റിയാദിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഉച്ചഭക്ഷണത്തിനുള്ള സമയമായിട്ടും റൂമിൽ എത്താത്തതിനെ തുടർന്ന് സ്ഥാപനത്തിലേക്ക് അന്വേഷിച്ച് ചെന്നപ്പോൾ അബോധാവസ്ഥയിൽ കാണുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് റെഡ്ക്രസന്റ് അധികൃതരും, പോലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു.
പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ശുമൈസി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: പരേതനായ കുഞ്ഞാലൻ, മാതാവ്: കുഞ്ഞിപ്പാത്തു. ഭാര്യ : റൈഹാനത്ത്. മക്കൾ : മിദ്ലാജ്, മിൻഹാജ്, മുഹ്താർ, യാസീൻ.
