പതിമൂന്നുകാരിയുടെ ക്വട്ടേഷൻ : സിനിമയെ വെല്ലുന്ന തിരക്കഥയിൽ കൊല്ലപ്പെട്ടത് വയോധികൻ

പ്രായം കൊണ്ട് കുട്ടികളാണെങ്കിലും പ്രവൃത്തി കൊണ്ട് പ്രായം ചെന്ന ക്രിമിനലുകളാണ് പ്രതികളെന്ന് പോലീസ്. ആലപ്പുഴ കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ ക്വട്ടേഷൻ നൽകിയ 13 കാരിയായ പെൺകുട്ടി ഒഴികെ കേസിലെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പ്രതികൾ 18 വയസിന് താഴെയുള്ളവരായതിനാൽ ബാലനീതി നിയമ പ്രകാരമാണ് നടപടികൾ സ്വീകരിക്കുക. എന്നാൽ ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാൽ മുതിർന്നവരായി കണ്ട് വിചാരണ നടത്താനുള്ള നിയമം ചൂണ്ടിക്കാണിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡിന് പൊലീസ് റിപ്പോർട്ട് നൽകും.

ഐഫോണും ബൈക്കും വാങ്ങാൻ പണം വേണം. അതിന് പണം കണ്ടെത്താനുള്ള വഴിയായിരുന്നു കവർച്ചയും കൊലപാതകവും. അത് പ്രൊഫഷണൽ രീതിയിൽ തന്നെ നടത്തിയെങ്കിലും  അല്പം പിഴച്ചു. അതോടെ നാലംഗ കൗമാര സംഘം  കുടുങ്ങി.

കരുവാറ്റയിലെ 67 കാരനായ വയോധികന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ളവർ 16, 17 വയസ്സുള്ളവരാണ്. 13 കാരിക്ക് പുറമെ ഒരാൾ പ്ലസ് വണ്ണിനും മറ്റൊരാൾ പ്ലസ് ടു വിനും പഠിക്കുന്നു. മൂന്നാമൻ പ്ലസ് ടു കഴിഞ്ഞയാളുമാണ്. ഇതിൽ ഒരാൾ പെൺകുട്ടിയുടെ കാമുകനാണെന്നും പറയുന്നു. കൊല ചെയ്യുന്നതിന് വേണ്ടി മാത്രമാണ് മൂവരും കൊല്ലത്ത് നിന്ന് യാത്ര ചെയ്ത് കരുവാറ്റയിൽ എത്തിയത്. പതിമൂന്നുകാരിയാണ് കൊലപാതകത്തിൻ്റെ തിരക്കഥ തയ്യാറാക്കിയത്.

സിനിമയെ വെല്ലുന്ന തരത്തിലായിരുന്നു തിരക്കഥ. വാടക വീടിൻ്റെ മേൽക്കൂരയിലെ ഓട് പൊളിച്ച ശേഷം വയോധികനായ ശിവൻകുട്ടിയുടെ തലയിൽ വലിയ കല്ലിട്ടു കൊല്ലാനാണ് പ്രതികൾ ആദ്യം തീരുമാനിച്ചത്.  എന്നാൽ ഓട് പൊളിച്ചപ്പോൾ വീടിന്റെ സീലിങ് തിരിച്ചടിയായി. ഇതോടെ ആ പദ്ധതി ഉപേക്ഷിച്ചു. 

പിന്നീട് വീടിന്റെ പിന്നിലെ വെന്റിലേറ്ററിലൂടെ അകത്തുകടന്ന പ്രതികൾ പൊലീസിനെ കബളിപ്പിക്കാൻ കൈയുറ ധരിച്ചിരുന്നു. സ്ഥലത്ത് മുളകു പൊടി വിതറാനും മറന്നില്ല. മോഷണമാണ് ഇതിന് പിന്നിലെന്ന് വരുത്തി തീർക്കുകയായിരുന്നു ലക്ഷ്യം. മൃതദേഹത്തിൻ്റെ കൈയും കാലും തുണികൾകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. കുറ്റകൃത്യം അത്രമേൽ ക്രൂരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതികളെ മുതിർന്നവരായി കണ്ട് വിചാരണ നടത്തണമെന്ന ആവശ്യം പൊലീസ് മുൻപോട്ടു വയ്ക്കുന്നത്.

എട്ടാം ക്ലാസുകാരിയുടെ തിരക്കഥ പൊളിഞ്ഞത് പോലീസിൻ്റെ സംശയമുനയിലാണ്. വയോധികൻ്റെ ബന്ധുവായ പെൺകുട്ടി തന്നെയാണ് ആദ്യം പോലീസിനെ വിളിച്ച് പരാതി പറഞ്ഞത്. ശിവൻകുട്ടിയെ കാണാനില്ല എന്നാണ് പെൺകുട്ടി പറഞ്ഞത്. അതനുസരിച്ച് അന്വേഷണം തുടങ്ങി. 

കൊല നടന്ന ദിവസം കൂട്ടുകാരിയുടെ വീട്ടിലായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. കൊലപാതകം നടന്നതിൻ്റെ പിറ്റേന്ന് ഒന്നും അറിയാത്തതുപോലെ കൂട്ടുകാരുമൊത്ത് വീട്ടിലെത്തി വാതിലിൽ മുട്ടി. വാതിൽ തുറക്കുന്നില്ലെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. തുടക്കം മുതൽ പെൺകുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് പോലിസുകാർക്ക് മനസ്സിലായി. 

കൊലപാതകമറിഞ്ഞ് പോലീസ് എത്തിയപ്പോൾ പരീക്ഷക്ക് പോകാൻ പെൺകുട്ടി തിടുക്കം കാണിച്ചതും സംശയം വർധിപ്പിച്ചു. ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ ക്വട്ടേഷൻ നൽകിയ വിവരം പെൺകുട്ടി സമ്മതിച്ചു. കൊലപാതകം വീഡിയോ കോളിൽ ലൈവായി പെൺകുട്ടി കാണുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം