പോലീസ് സ്റ്റേഷൻ കാണാൻ കുട്ടികളെത്തി; തോക്കും ലാത്തിയും ലോക്കപ്പും കണ്ടു മടങ്ങി.

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ കാണാൻ  വിദ്യാർത്ഥികളെത്തി. പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽ.പി വിഭാഗത്തിലെ 450ഓളം വിദ്യാർഥികളാണ് പോലീസ് സ്റ്റേഷൻ സന്ദർശിച്ചത്. അവർക്കത് വേറിട്ടൊരു അനുഭവമായി.

പുസ്തകത്താളുകളിൽ മാത്രം കണ്ടറിഞ്ഞ പോലീസുകാരെയും പോലീസ് സ്റ്റേഷനും നേരിൽ കണ്ടപ്പോൾ കുരുന്നുകളുടെ കണ്ണുകളിൽ കൗതുകം നിറഞ്ഞു.  സ്റ്റേഷനിലെത്തിയതു മുതൽ കുട്ടികളുടെ ശ്രദ്ധ ഓരോ കാഴ്ചയിലുമായിരുന്നു.പോലീസ് വാഹനങ്ങൾ കണ്ടപ്പോൾ ആവേശവും, സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളും കുറ്റവാളികളെ പാർപ്പിക്കുന്ന ലോക്കപ്പും കണ്ടപ്പോൾ കുട്ടികൾക്ക് കൗതുകവുമായി.

കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ പോലീസുകാരും അധ്യാപകരായി. ഗൗരവമേറിയ പോലീസ് സ്റ്റേഷനിൽ ഒരു ദിവസം നിറഞ്ഞു നിന്നത് കുരുന്നുകളുടെ ചിരിയും കൗതുകവുമായിരുന്നു. തങ്ങളുടെ സംശയങ്ങൾക്കെല്ലാം സ്നേഹത്തോടെ മറുപടി ലഭിച്ചതോടെ പോലീസിനെക്കുറിച്ചുള്ള കുട്ടികളുടെ കാഴ്ചപ്പാടിലും പുതിയൊരു കാവൽ ചിത്രം തെളിഞ്ഞു.

പിരിയാൻ നേരം പോലീസുകാർ നൽകിയ മിഠായികൾ കൂടി ലഭിച്ചതോടെ സന്തോഷം ഇരട്ടിയായി. പോലീസ് സ്റ്റേഷൻ സന്ദർശിച്ച കുരുന്നുകൾക്ക് ഫീൽഡ് ട്രിപ്പിനപ്പുറം നേരിൽ കണ്ടറിഞ്ഞ അറിവിന്റെ സാക്ഷ്യമായി മാറി.

ഫീൽഡ് ട്രിപ്പ് കോർഡിനേറ്റർ എം.എ ഷീജ, എൽ.പി സെക്ഷൻ അസിസ്റ്റന്റ് മേധാവി ഹസ്ന, ക്ലാസ് കോർഡിനേറ്റർ പ്രസീദ, സ്റ്റേഷൻ ഹൗസ് ഓഫീസർ  കെ.ഉണ്ണി, മുൻ എസ്.എച്ച്.ഒ. എം.എൻ. ബിജോയ്‌, മുൻ സബ് ഇൻസ്പെക്ടർമാരായ ടി.അരവിന്ദാക്ഷൻ, എൻ.ജ്യോതിപ്രകാശ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ കെ.ജെ ജയൻ, എൻ.ഇന്ദിര, സീനിയർ സി.പി.ഒ. വി.കെ ധർമേഷ്, ജനമൈത്രി ഓഫീസർ സി.അബ്ദുൽ കരീം, മാധ്യമ പ്രവർത്തകരായ സി.മൂസ, പ്രദീപ് ചെറുവാശ്ശേരി എന്നിവർ കുട്ടികളുമായി സംവദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം