പെൺകുട്ടിയുടെ കുളിമുറി ദൃശ്യം പകർത്തിയ കേസിൽ പ്രതിയായ എസ്.എഫ്.ഐ നേതാവിനെ സംഘടനയിൽ നിന്ന് പുറത്താക്കി.
ശ്രീകണ്ഠപുരം ചുഴലി തെക്കേമൂലയിലെ നവനീതിനെ (20) യാണ് പുറത്താക്കിയത്. ഇയാളെ സി.പി.എം തെക്കേമൂല ബ്രാഞ്ചിൽ നിന്നും ഒഴിവാക്കി. പയ്യാവൂർ പൈസക്കരി ദേവമാതാ കോളജിൽ എസ്.എഫ്.ഐ ബാനറിൽ വിജയിച്ച യു.യു.സിയാണ് നവനീത്.
ആഭ്യന്തരമന്ത്രിക്ക് പെൺകുട്ടി അയച്ച പരാതിയാണ് പാർട്ടിക്കും ബഹുജന സംഘടനകൾക്കും നാണക്കേടുണ്ടാക്കിയത്. പരാതിയിൽ നവനീതിൻ്റെ ഫോണിൽ നാട്ടിലെ പല സ്ത്രീകളുടെയും നഗ്നദൃശ്യമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
ആഗസ്റ്റ് 20ന് രാത്രി എട്ടിനുശേഷം വീട്ടിലെ കുളിമുറിയിൽ കുളിക്കുമ്പോൾ ആരും കാണാതെ ഒളിച്ചുകയറി നവനീത് കുളിമുറിയുടെ വിടവിലൂടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി.
ബാലസംഘം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും ജില്ലാ കമ്മറ്റി അംഗത്വത്തിൽ നിന്നുമുൾപ്പെടെ നവനീതിനെ പുറത്താക്കിയിട്ടുണ്ട്.
കഴിഞ്ഞ 20നാണ് നവനീതിൻ്റെ ഭാഗത്തു നിന്ന് പാർട്ടിക്കും പൊതുസമൂഹത്തിനും അംഗീകരിക്കാൻ പറ്റാത്ത തെറ്റായ നടപടി ശ്രദ്ധയിൽപ്പെട്ടതെന്ന് സി.പി.എം ചുഴലി ലോക്കൽ കമ്മിറ്റി വാർത്താ കുറിപ്പിൽ വ്യക്തമാക്കി. 22ന് തന്നെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ചുമതലകളിൽ നിന്നും നവനീതിനെ ഒഴിവാക്കിയെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
