പത്തൊമ്പതാം നൂറ്റാണ്ടില്‍ പാലക്കാട് തേങ്കുറിശ്ശിയില്‍ ജനിച്ച സാമൂഹ്യ പരിഷ്കർത്താവും അധ്യാപകനുമായിരുന്നു കൊല്ലക്കണ്ണൻ ചാത്തൻ മാസ്റ്റർ.
ആ ഇരുണ്ട കാലത്ത് അടിസ്ഥാന വര്‍ഗ്ഗത്തിന്‍റെ മോചനത്തിനുവേണ്ടി പൊരുതിയ പോരാളിയായിരുന്നു ചാത്തന്‍ മാഷ്. എന്നാൽ പുതിയ കാലത്തെ നേതാക്കൾക്കും അധ്യാപകര്‍ക്കും അദ്ദേഹം അജ്ഞാതനാണെന്നതാണ് സത്യം.
തേങ്കുറിശ്ശി പഞ്ചായത്തിലെ ആദിദ്രാവിഡ വിഭാഗമായ (ഇന്നത്തെ പട്ടിക ജാതി ) കണക്കന്‍ സമുദായത്തിലാണ് കെ.ചാത്തൻ മാസ്റ്റരുടെ ജനനം. വളരെയധികം ത്യാഗങ്ങള്‍ സഹിച്ചാണ് അദ്ദേഹം വിദ്യാഭ്യാസം നേടുന്നത്. നൂറ്റാണ്ടുകളായി തൻ്റെ സമൂഹം അനുഭവിക്കുന്ന പീഢനങ്ങൾക്കെതിരെ പ്രതികരിക്കുവാൻ അദ്ദേഹം തയ്യാറായി. അക്കാലത്ത് അടിസ്ഥാന ജനവിഭാഗങ്ങളിലെ സ്ത്രീകൾ ജാതി വ്യക്തമാക്കുന്നതിന് പിച്ചളവളകളും കല്ലുമാലകളും ധരിക്കണമെന്ന നിബന്ധന നിലനിന്നിരുന്നു. അതുപോലെത്തന്നെ അവർക്കു മാറുമറക്കുവാനും വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതിനും അവകാശമുണ്ടായിരുന്നില്ല.
പൊതു ഇടങ്ങളിൽ പോകുവാനും പൊതു കിണറുകളിൽ നിന്നും വെളളമെടുക്കുന്നതിനും വിലക്കുകളുണ്ടായിരുന്നു. വിലക്കുകൾ ലംഘിച്ചാൽ സവർണ്ണർ കനത്ത ശിക്ഷ നൽകും. ആയിരത്തി തൊളളായിരത്തി പതിനേഴ് മുതല്‍ ഇത്തരം ദുരാചാരങ്ങൾക്കെതിരെ ചാത്തൻ മാസ്റ്റർ പോരാടിയിരുന്നതായി തേങ്കുറിശ്ശിയിലെ പഴമക്കാര്‍ പറയുന്നു.
ചാത്തന്‍ മാഷ്, ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് അങ്ങാടികളിലും പൊതു വഴികളിലും പ്രവേശിച്ചു. വിലക്കുകള്‍ ലംഘിച്ചു. ഇത് സവര്‍ണ്ണ വിഭാഗങ്ങളില്‍ കോപമുണ്ടാക്കി. അവര്‍ പ്രതികരിച്ചു. മാഷും വിട്ടു,കൊടുത്തില്ല. തന്‍റെ ജനതയോട് അദ്ദേഹം പറഞ്ഞു: ''നമ്മുടെ ആളുകള്‍ സംഘടിക്കണം. സംഘടനയിലൂടെ മാത്രമേ നമുക്ക് രക്ഷപ്പെടുവാന്‍ കഴിയൂ."
1996-97 ല്‍ തേങ്കുറിശ്ശി പഞ്ചായത്ത് പ്രസിദ്ധീകരിച്ച വികസന രേഖയിലും ചാത്തന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നടന്ന സാമൂഹിക പരിഷ്കരണ പ്രവര്‍ത്തനങ്ങളെ കുറിച്ചും ബോധവത്കരണ പ്രവര്‍ത്തനങ്ങളെ കുറിച്ചും സൂചിപ്പിക്കുന്നുണ്ട്.
അറിവ് നേടുക മാത്രമാണ് ആദിദ്രാവിഡ വിഭാഗങ്ങളുടെ ഉന്നമനത്തിനായുളള ഏകവഴി. പക്ഷേ പഠിക്കുവാൻ ആഗ്രമുണ്ടെങ്കിലും പ്രവേശനമില്ലല്ലോ....? അതിനായി അദ്ദേഹം
1916 -17 കാലഘട്ടത്തില്‍ തേൻകുറിശ്ശിയിലെ അക്കറാട്ട് എന്ന സ്ഥലത്ത് ഒരു കുടിപ്പളളിക്കൂടം സ്ഥാപിച്ചു. പിന്നീട് ഇത് കളപ്പെട്ടിയിലേക്ക് മാറ്റി സ്ഥാപിച്ചു. കളപ്പെട്ടിയിലെ ലേബര്‍ സ്കൂള്‍ നടത്തിയിരുന്നത് ചാത്തന്‍ മാഷായിരുന്നുവെന്ന് തേങ്കുറിശ്ശി പഞ്ചായത്ത് വികസന രേഖയിലുണ്ട്.
ഹരിജൻ ഫണ്ടുശേഖരണവുമായി ബന്ധപ്പെട്ട് 1934 ല്‍ പാലക്കാട് എത്തിയ മഹാത്മാഗാന്ധി ചാത്തന്‍ മാസ്റ്ററുടെ വിദ്യാലയം സന്ദർശിക്കുകയും മാഷുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഗാന്ധിജി അവിടെ തടിച്ചു കൂടിയ ജനങ്ങളോട് ആശയവിനിമയം നടത്തിയതായും പറയപ്പെടുന്നു.
അന്ന് ഗാന്ധിജി നല്‍കിയ നിര്‍ദ്ദേശപ്രകാരം കൊല്ലക്കണ്ണന്‍ ചാത്തന്‍ മാസ്റ്റര്‍, പള്ളിക്കൂടത്തില്‍ തൊഴില്‍ പരിശീലനം കൂടി ആരംഭിച്ചു. നൂല്‍നൂല്‍പ്പും കൃഷിയും മൃഗപരിപാലന പരിശീലനവും നടത്തിയിരുന്നു.
ഒരു അധികാരവും അവകാശങ്ങളുമില്ലാതിരുന്ന കാലത്ത് അടിസ്ഥാന ജനവിഭാഗത്തിൻ്റ നാവായി മാറുക, അനാചാരങ്ങൾ കുഴിച്ചു മൂടി പുതുലോകം സൃഷ്ടിക്കുവാനായി പ്രവർത്തിക്കുക, അറിവിൻ്റെ ലോകം എല്ലാവർക്കും ലഭിക്കുവാനായി ഒരു വിദ്യാലയം സ്ഥാപിക്കുക...
എത്രവലിയ പോരാട്ടങ്ങളാണ് ചാത്തൻ മാസ്റ്റർ നടത്തിയത്. എന്നിട്ടുമദ്ദേഹം ചരിത്ര രേഖകളിൽ നിന്നും ക്രൂരമായി നിഷ്കാസനം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ ദുരവസ്ഥ ആ വിദ്യാലയത്തിനും സംഭവിച്ചു. മഹാത്മാഗാന്ധിയുടെ സന്ദർശനത്താല്‍ ചരിത്രഗ്രന്ഥങ്ങളിൽ ഇടം പിടിക്കേണ്ടതായിരുന്നു ഈ വിദ്യാലയവും. പക്ഷേ അതും തഴയപ്പെട്ടു. മാധ്യമങ്ങൾ തേങ്കുറിശ്ശിയിൽ ഗാന്ധി വന്നുവെന്നു പറയുമ്പോഴും അത് എവിടെയാണെന്നും എന്തിനാണെന്നും പറയുന്നില്ല. അങ്ങനെ ആ ചരിത്രവും അവര്‍ മറച്ചുവെച്ചു. ഇത്തരത്തിൽ തിരസ്കൃതരായ പടയാളികളെ കണ്ടെത്താൻ ചരിത്ര വിദ്യാർത്ഥികളും അധ്യാപകരും മുന്നിട്ടിറങ്ങണമെന്നാണ് ഈ അധ്യാപക ദിനത്തിൽ ആവശ്യപ്പെടുന്നത്.
തയ്യാറാക്കിയത് :
താജിഷ് ചേക്കോട്

ഇതിന് പിന്നിൽ താജീഷിന്റെ ത്യാഗവും സമർപ്പണവും ഏറെയുണ്ട്.... അഭിനന്ദനങ്ങൾ ❤❤❤
മറുപടിഇല്ലാതാക്കൂനന്ദി സര്
മറുപടിഇല്ലാതാക്കൂഅധ:സ്കൊഥിതരുടെ അവകാശങ്ല്ലങൾക്ക്ണ്ണ വേണ്ൻടി പോരാടിയ സാമൂഹ്യപരിഷ്കർത്താവ് കൊല്ലക്കണ്ണൻ ചാത്തൻമാസ്റ്ററെ ചരിത്രത്തിൻറെ മുഖംമൂടി യഴിച്ച് വെളിച്ചത്ത് കൊണ്ടുവന്ന താജിഷ് മാഷിന് അദ്ധ്യാപകദിനത്തിൽ അഭിവാദ്യങ്ങൾ...💪💪
മറുപടിഇല്ലാതാക്കൂ