സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് സൗകര്യപ്രദമായി ലഭിക്കുന്നതിന് എല്ലാ ഓഫീസുകളും ഒരിടത്തേക്ക് മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. കൃഷിഭവൻ, കടുംബശ്രീ കാര്യാലയം, എൽ.എസ്.ജി.ഡി, ഓഫീസ്, രജിസ്റ്റർ ഓഫീസ് എന്നിവ ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടങ്കിലും സൗകര്യങ്ങൾ അപര്യാപ്തമാണ്.
പഞ്ചായത്ത് കെട്ടിട സമുച്ചയ നവീകരണത്തോടൊപ്പം വില്ലേജ് ഓഫീസ് കെട്ടിടം തുടങ്ങിയവ പഞ്ചായത്ത് കോമ്പൗണ്ടിൽ നിർമ്മിക്കും. സൗകര്യമില്ലായ്മയിൽ വീർപ്പുമുട്ടുന്ന വില്ലേജ് ഓഫീസ് കൂനംമൂച്ചിയിൽ നിന്നും കുമരനല്ലൂരിലേക്ക് മാറുന്നതോടെ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയും. പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരു ഏക്രയോളം വരുന്ന സ്ഥലം ജനോപകാരമായ പദ്ധതികൾ കൊണ്ടു വരുന്നതിന് സർക്കാരിന്റെ സാമ്പത്തിക സഹായവും എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടും വിനിയോഗിക്കും.
വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ ഡി.പി.ആർ തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്രശസ്ത ആടർക്കിടെക്ച്ചർ കെ.അനുപ്, സിവിൽ എഞ്ചിനിയർ കെ.ശ്രുതി, എം.എൽ.എ വി.ടി ബൽറാം അടങ്ങിയ സംഘം പഞ്ചായത്ത് ആസ്ഥാനത്തെത്തി.
വിഭാവനം ചെയ്യുന്ന പദ്ധതിയുടെ രൂപരേഖ ഭരണ സമിതിയുമായി ചർച്ച നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ, വൈസ് പ്രസിഡന്റ് പാറയിൽ രാജീവ്, അലി കുമരനല്ലൂർ, കെ.നുറുൽഅമീൻ, വി.പി ഫാത്തിമ, ഷരീഫ് അന്നിക്കര, കെ.ഷിഹാബ്, ടി.ടി നസീമ, എം.എം അഷ്റഫ്, ഷിൻജേഷ് മാരായംകുന്ന്, പഞ്ചായത്ത് സെക്രട്ടറി ഫയാസ്, എൽ.എസ്.ജി.ഡി എഞ്ചിനിയർ മുബാരിസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
