രാജ്യത്തെ ഏറ്റവും വലിയ പുനരധിവാസ പദ്ധതി ഫോർട്ട് കൊച്ചി തുരുത്തിയിൽ യാഥാർഥ്യമായി. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത 394 കുടുംബങ്ങളെയാണ്, ബഹുനില ഇരട്ട ടവറിൽ പുനരധിവസിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽ കൈമാറും.
കോർപറേഷൻ പ്രദേശത്തെ കൽവത്തി, കൊഞ്ചേരി, തുരുത്തി നഗറുകളിൽ ദുരിതപൂർണമായ സാഹചര്യങ്ങളിൽ താമസിച്ചിരുന്ന കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്. അന്തിയുറങ്ങാൻ ഇടമില്ലാത്തവരും ആകാശം മേൽക്കൂരയായവരും ഇന്നു മുതൽ ഫ്ലാറ്റിൽ താമസിക്കും.
പതിനൊന്നും പതിമൂന്നും നിലകളുള്ള രണ്ട് ടവറുകളാണ് ഇവിടെ നിർമ്മിച്ചത്. ആദ്യത്തേത് രാജീവ് ആവാസ് യോജന പ്രകാരം കോർപറേഷൻ്റെ പദ്ധതിയിലും രണ്ടാമത്തെത് സ്‌മാർട്ട് സിറ്റി മിഷൻ പദ്ധതിയിലുമാണ് പൂർത്തിയാക്കിയത്. 10796.42 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള ഒന്നാം ടവറിന് 41.74 കോടിയാണ് നിർമ്മാണച്ചെലവ്. ഇതിൽ 300 ചതുരശ്രയടി വീതമുള്ള 199 ഭവന യൂണിറ്റുകളുണ്ട്. ഓരോന്നിലും ഡൈനിങ്, ലിവിങ് ഏരിയ, ബെഡ്‌റൂം, അടുക്കള, ബാൽക്കണി, രണ്ട് ശുചിമുറി എന്നീ സൗകര്യങ്ങളുമുണ്ട്.
44.01 കോടി ചെലവഴിച്ചാണ് രണ്ടാമത്തെ ടവറിൻ്റെ നിർമ്മാണം. ഓരോ നിലയിലും 15 ഭവന യൂണിറ്റുകൾ. ആകെ 195 എണ്ണം. 81 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, 105 എം.എൽ.ഡി ശേഷിയുള്ള മലിനജല ശുദ്ധീകരണി, മൂന്ന് യന്ത്രഗോവണികൾ, പൊതു വിശ്രമ ഇടങ്ങൾ, അങ്കണവാടി, ലിഫ്റ്റുകൾ, താഴത്തെ നിലയിൽ 18 കടമുറി എന്നിവയും രണ്ട് ടവറുകളിലുമുണ്ട്.
